യു.പിയിൽ കലാപം ഇളക്കിവിടുന്നവർക്കെതിരെ ബി.ജെ.പി പ്രവർത്തകർ ജാഗ്രത കാട്ടണം -യോഗി

ലഖ്നോ: യു.പിയിൽ കലാപം ഇളക്കിവിടാൻ ശ്രമം നടത്തുന്നവർക്കെതിരെ ബി.ജെ.പി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറിൽ ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു യോഗി. ഹാഥറസ് കൂട്ടബലാത്സംഗത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമം നടക്കുന്നുവെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും യോഗി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മുസഫർനഗർ കലാപം യു.പിയിലെ ജനങ്ങൾ മറന്നിട്ടില്ല. അതുകൊണ്ടാണ് കലാപത്തിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്. വികസന വിരോധികളെ തുറന്നുകാട്ടണമെന്നും ആദിത്യനാഥ് ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞു. 2013ൽ മുസഫർനഗറിൽ നടന്ന വർഗീയ കലാപത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്.

ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മാധ്യമപ്രവർത്തകൻ ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയിരുന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, യു.എ.പി.എയും രാജ്യദ്രോഹ കുറ്റവും ചുമത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.