ലഖ്നോ: യു.പിയിലെ ലഖ്നോയിലെ ഹോട്ടലിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ 15 ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്‍പെൻഡ് ചെയ്തു. തീപ്പിടിത്തത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ലഖ്നോ പൊലീസ് കമ്മീഷണർ എസ്.ബി. ശിരദ്കർ, കമ്മീഷണർ(ലഖ്നോ ഡിവിഷൻ)റോഷൻ ജേക്കബ് എന്നിവരാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരുന്നു നടപടി.
ആഭ്യന്തര വകുപ്പ്, ഊർജ വകുപ്പ്, നിയമന വകുപ്പ്, ലഖ്‌നൗ വികസന അതോറിറ്റി (എൽ.ഡി.എ), എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വക്താവ് പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുടെ നിലവിലുള്ള നിയമങ്ങളുടെ വെളിച്ചത്തിൽ നടപടിയെടുക്കും. അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നും ലഖ്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റി (എൽ.ഡി.എ), ലഖ്‌നൗ ഇലക്‌ട്രിസിറ്റി സപ്ലൈ അഡ്മിനിസ്‌ട്രേഷൻ, ജില്ലാ ഭരണകൂടം, ഫയർ സർവീസസ്, ലഖ്‌നൗ മുനിസിപ്പൽ കോർപറേഷൻ, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ ആറ് വകുപ്പുകളാണ് തീപിടിത്തത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലഖ്‌നോയിലെ ഹസ്രത്ഗഞ്ച് ഭാഗത്തെ ഹോട്ടൽ ലെവനയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു തീപ്പിടിത്തം. 10 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർ സർവീസ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. അതിനിടെ, ഹോട്ടൽ സീൽ ചെയ്ത് പൊളിക്കാൻ ലഖ്‌നൗ ഭരണകൂടം ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.