ലക്നോ: ഇന്ത്യയിൽ ഇനി ഒരിക്കലും ഒരു പുതിയ ജിന്ന ഉദയം ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അത്തരം വിഭജന ഉദ്ദേശ്യം വേരൂന്നുന്നതിന് മുമ്പ് അതിനെ കുഴിച്ചുമൂടണമെന്നും ദേശീയ ഗാനമായ ‘വന്ദേമാതര’ത്തെ എതിർക്കുന്നവർ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും അപമാനിക്കുകയാണെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ സംഘടിപ്പിച്ച ‘ഏകതാ യാത്ര’യിൽ പങ്കെടുക്കവെയാണ് യോഗിയുടെ വിവാദ പരാമർശങ്ങൾ.
അഖിലേന്ത്യാ മുസലിം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയിലേക്കും മുഹമ്മദ് അലി ജൗഹറിലേക്കും ശ്രദ്ധക്ഷണിച്ചുകൊണ്ടായിരുന്നു ഇത്. ‘ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും രാജ്യത്തോട് വിശ്വസ്തരായിരിക്കുകയും അതിന്റെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഈ ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി നിൽക്കണം. ജാതിയുടെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ സമൂഹത്തെ വിഭജിക്കുന്ന എല്ലാ ഘടകങ്ങളെയും തിരിച്ചറിയുകയും എതിർക്കുകയും ചെയ്യേണ്ടത് ഇപ്പോൾ നമ്മുടെ കടമയാണ്. ഈ വിഭജനങ്ങൾ പുതിയ ജിന്നകളെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്’ എന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്നും ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടിയെടുക്കണമെന്നും യോഗി പറഞ്ഞു.
1913 മുതൽ 1947 ഓഗസ്റ്റ് 14ന് പാകിസ്താൻ രൂപീകരിക്കുന്നതുവരെ മുഹമ്മദ് അലി ജിന്ന അഖിലേന്ത്യാ മുസ്‍ലിം ലീഗിന്റെ നേതാവായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഒരു വർഷത്തിനുശേഷം 1948ൽ മരിക്കുന്നതുവരെ അദ്ദേഹം പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലായി. അഖിലേന്ത്യാ മുസ്‍ലിം ലീഗിന്റെ സഹസ്ഥാപകനായിരുന്നു മുഹമ്മദ് അലി ജൗഹർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.