'പാശ്ചാത്യ ആശയം, വനിത സംവരണം ഇന്ത്യൻ രാഷ്ട്രീയത്തെ മുക്കിക്കൊല്ലും'; വൈറലായി യോഗിയുടെ പഴയ പ്രസ്താവനകൾ

ന്യൂഡൽഹി: രാജ്യം ഏറെ കാത്തിരുന്ന വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് ഇന്നലെയാണ്. ഇന്ന് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ ലോക്സഭകൂടി പാസ്സാക്കുന്നതോടെ തുടർനടപടികൾക്കു ശേഷം നിയമമായി മാറും. 'ചരിത്ര സംഭവം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. 

വനിത സംവരണ ബിൽ രാജ്യസഭ നേരത്തെ പാസാക്കിയതാണ്. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിനാണ് ബിൽ രാജ്യസഭ പാസാക്കിയത്. അന്ന് ബി.ജെ.പി ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും, ബില്ലിനെ നിശിതമായി വിമർശിച്ചുകൊണ്ട് എതിർത്തയാളായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് ഗൊരഖ്പൂർ എം.പിയായിരുന്നു യോഗി. വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിനെ എതിർത്തുള്ള യോഗിയുടെ പഴയ പ്രസ്താവനകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.


വനിത സംവരണ ബിൽ പാസ്സാകുന്നത് ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തെ തന്നെ മുക്കിക്കളയുമെന്നായിരുന്നു യോഗിയുടെ വാദം. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ബി.ജെ.പി വിപ്പ് നൽകുമോയെന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്നും എം.പിമാർ കെട്ടിയിടപ്പെട്ട തൊഴിലാളികളല്ലെന്നുമായിരുന്നു അന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞത്.

വനിത സംവരണത്തെ എതിർക്കാൻ വിചിത്രമായ കാരണങ്ങളും യോഗി മുന്നോട്ടുവെച്ചു. 'പുരുഷൻ സ്ത്രീയുടെ സ്വഭാവം കാണിച്ചുതുടങ്ങിയാൽ ദൈവമായി മാറും. സ്ത്രീ പുരുഷന്‍റെ സ്വഭാവം കാണിച്ചാൽ പിശാചായാണ് മാറുക. സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പാശ്ചാത്യ ആശയങ്ങൾ ഏറെ ആലോചിച്ച് വേണം ഇന്ത്യൻ സാഹചര്യത്തിൽ നടപ്പാക്കാൻ' -യോഗി പറഞ്ഞു.



ബി.ജെ.പിയുടെ നിലപാടിനെതന്നെ അന്ന് യോഗി ചോദ്യംചെയ്തു. 'വനിത സംവരണത്തിൽ പാർട്ടി എം.പിമാർക്കിടയിൽ ചർച്ച വേണമെന്ന് അദ്വാനിയുടെ വസതിയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതാണ്. അത് നടന്നിരിക്കണം, അല്ലെങ്കിൽ എം.പി സ്ഥാനം രാജിവെക്കും. ഡൽഹിയിലെ എ.സി മുറികളിൽ ഇരിക്കുന്നവരല്ല പൊതുനയം തീരുമാനിക്കേണ്ടത്' -യോഗി പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ബി.ജെ.പിയുടെ ഭീതിയാണ് വനിത സംവരണ ബിൽ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വാദങ്ങൾക്ക് ശക്തിപകരുന്നതാണ് വനിതാ സംവരണത്തിനെതിരായ യോഗിയുടെ അന്നത്തെ നിലപാടും ഇന്നത്തെ നിലപാടും. 

Tags:    
News Summary - Yogi Adityanath on Women’s Reservation Bill in 2010 to Hindustan Times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.