ബംഗളൂരു: ആർ.എസ്.എസിൽ ബ്രാഹ്മണനോ മുസ്‍ലിമോ ക്രിസ്ത്യനോ ഇല്ലെന്ന് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കൾ മാത്രമാണ് സംഘത്തിലുള്ളത്. ഒരു ജാതിയെയും അനുവദിക്കില്ല. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകൾക്ക്, മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങി ഏത് വിഭാഗക്കാർക്കും സംഘത്തിലേക്ക് വരാം. പക്ഷേ, അന്യവത്കരണം ഒഴിവാക്കണം. ആർ.എസ്.എസ് അംഗങ്ങളെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിഭജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ, ആർ.എസ്.എസിൽ മുസ്‍ലിമിനെ അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ശാഖയിൽ വരാം. നിങ്ങളാരാണെന്ന് ആരും ചോദിക്കില്ല.
ആർ.എസ്.എസ് രജിസ്റ്റർ ചെയ്യപ്പെടാത്ത സംഘടനയെന്ന കോൺഗ്രസ് ചർച്ചകൾക്കും മോഹൻ ഭാഗവത് മറുപടി പറഞ്ഞു. ആർ.എസ്.എസ് വ്യക്തികളുടെ അംഗീകൃത സംഘമാണ്. ഭരണഘടനക്കകത്തുനിന്നാണ് പ്രവർത്തനം. അതുകൊണ്ട് രജിസ്ട്രേഷൻ ആവശ്യമില്ല. രജിസ്റ്റർ ചെയ്യപ്പെടാത്തതായി പലതുമുണ്ട്. ഹിന്ദു ധർമം പോലും രജിസ്റ്റർ ചെയ്തിട്ടില്ല. തങ്ങൾ നയങ്ങളെ മാത്രമാണ് പിന്തുണക്കുന്നത്, രാഷ്ട്രീയ പാർട്ടികളെയല്ല. ഉദാഹരണത്തിന് കോൺഗ്രസ് അയോധ്യയിലെ ക്ഷേത്രനിർമാണത്തിനൊപ്പം നിന്നിരുന്നുവെങ്കിൽ സ്വയംസേവകർ അവർക്ക് വോട്ട് ചെയ്യുമായിരുന്നു.
ആർ.എസ്.എസ് സ്ഥാപിക്കപ്പെട്ടത് 1923 ലായിരുന്നു. സ്വാതന്ത്ര്യാനന്തരം സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നില്ല. മൂന്നുതവണ ആർ.എസ്.എസിനെ സർക്കാർ നിരോധിച്ചിട്ടുണ്ട്. അംഗീകൃത സംഘടനയായിരുന്നില്ലെങ്കിൽ എങ്ങനെയാണ് നിരോധിക്കാനാവുക. ത്രിവർണ പതാകയെ ബഹുമാനിച്ചിട്ടേയുള്ളൂ എന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.