‘ഇന്ത്യയെ ബനാന റിപ്പബ്ലിക്കാകാൻ അനുവദിക്കില്ല’; പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തെയും പ്രതിപക്ഷ സമരങ്ങളെയും വിമർശിച്ച് ബിജെപി. ഇന്ത്യയെ ‘ബനാന റിപ്പബ്ലിക്’ ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ രാജ്യം ചെറുക്കുമെന്നും ബിജെപി നേതാവും എംപിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവികൾക്കു പിന്നാലെ കോൺഗ്രസ് തെരുവ് പ്രതിഷേധങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും രവിശങ്കർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരിക്കലും തലകുനിച്ചിട്ടില്ലെന്നും തുടർന്നും അതുണ്ടാകില്ലെന്നും വാർത്തസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിഷേധങ്ങളോട് എതിർപ്പില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തെരുവ് സമരങ്ങളെ ആയുധമാക്കുകയാണെന്നും രവിശങ്കർ ആരോപിച്ചു. സിജെപിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെയും പ്രതിപക്ഷത്തിന്റെ സമരങ്ങളെയും വിമർശിച്ചായിരുന്നു പ്രതികരണം.

പ്രതിഷേധക്കാരെയും പ്രതിപക്ഷ നേതാക്കളെയും പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിനെയും രവിശങ്കർ ന്യായീകരിച്ചു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യം പരാജയപ്പെടുത്തുമെന്നും തെരുവുകളല്ല, പാർലമെന്റാണ് രാജ്യം ഭരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻ ഡി എ നേടിയ വിജയങ്ങളും അദ്ദേഹം പരാമർശിച്ചു.

വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും രവിശങ്കർ പ്രസാദ് ന്യായീകരിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി ജെ പി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പ്രവർത്തകരെയും പ്രതിപക്ഷ നേതാക്കളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - BJP Slams Opposition Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.