അഭിഭാഷകർക്കെതിരായ അധിക്ഷേപ പരാമർശം; സസ്പെൻഡ് ചെയ്ത എ.സി.പിക്കെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് ഡൽഹി ഹൈകോടതി
ന്യൂഡൽഹി: അഭിഭാഷകർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് (എ.സി.പി) മാനസ്വി വശിഷ്ഠക്കെതിരെ സ്വമേധയാ കേസെടുക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈകോടതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഔദ്യോഗികമായി ഹരജി നൽകണമെന്നും അത് പരിശോധിക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അഭിഭാഷക സമൂഹത്തിനെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും എ.കെ47 പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചാണ് ഒരു വിഭാഗം അഭിഭാഷകർ കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും അഭിഭാഷക സമൂഹത്തിന്റെ ആശങ്കകൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും മറ്റ് രേഖകളും കോടതിയുടെ രജിസ്ട്രിയിൽ സമർപ്പിച്ച് ഔദ്യോഗിക ഹരജി നൽകാനാണ് ബെഞ്ച് നിർദേശിച്ചത്. ഹരജി ലഭിച്ചാൽ പരിഗണനക്ക് എടുക്കുമെന്ന് കോടതി ഉറപ്പുനൽകുകയും ചെയ്തു.
ഒക്ടോബർ 23ന് ഷഹ്ദാര പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവമാണ് വിവാദത്തിന്റെ തുടക്കം. അഭിഭാഷകനായ ലളിത് ബൻസാലിനെ സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹ്ദാര പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരെ എ.സി.പി മാനസ്വി വസിഷ്ഠയും സ്റ്റേഷൻ ഹൗസ് ഓഫിസറുമായ അരുൺ കുമാറും ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകരുടെ ആരോപണം.
സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് എ.സി.പി മനസ്വി വശിഷ്ഠയും സ്റ്റേഷൻ ഹൗസ് ഓഫിസറും അഭിഭാഷകർക്ക് ഉറപ്പുനൽകിയെന്നാണ് അവരുടെ ആരോപണം. എന്നാൽ, അടുത്ത ദിവസം പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പകരം വിട്ടയച്ചെന്നുമാണ് അഭിഭാഷകർ അറിഞ്ഞത്. ഇതിൽ വിശദീകരണം തേടി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ എ.സി.പി റിവോൾവർ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തെന്നാണ് അഭിഭാഷക സംഘടനകളുടെ ആരോപണം.
അതേസമയം, സംഭവത്തിൽ പൊലീസിന് വ്യത്യസ്തമായ വിശദീകരണമാണുള്ളത്. മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊലീസുകാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിഭാഷകർക്ക് നേരെ എ.സി.പി ഔദ്യോഗിക തോക്ക് ചൂണ്ടിയെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്.
അതിനിടെ, അഭിഭാഷകർക്കെതിരായ മോശം പരാമർശങ്ങളിലും പെരുമാറ്റത്തിലും മനസ്വി വശിഷ്ഠക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ഡൽഹി കോടതി ബാർ അസോസിയേഷൻ പൊലീസ് കമീഷണർക്ക് കത്തയച്ചിരുന്നു. സംഭവത്തിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. എ.സി.പിയുടെ സസ്പെൻഷനെത്തുടർന്ന് ജോലിയിൽനിന്ന് വിട്ടുനിൽക്കാനുള്ള ആഹ്വാനം റോഹിണി കോടതി ബാർ അസോസിയേഷൻ ചൊവ്വാഴ്ച പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.