ബംഗളൂരു: ലാപ്ടോപ്പ് ഉപയോഗിച്ച് കൊണ്ട് കാറോടിച്ച ബംഗളൂരു യുവതിക്ക് പിഴയിട്ട് പൊലീസ്. നഗരത്തിലെ ആർ.ടി നഗർ മേഖലയിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്.
ലാപ്ടോപ്പ് സ്റ്റിയറിങ്ങ് വീലിൽവെച്ച് യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ യുവതി ആരാണെന്ന് ബംഗളൂരു പൊലീസ് അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് യുവതിക്ക് പിഴയും ചുമത്തി. ജോലി സമ്മർദം മൂലമാണ് കാർ യാത്രക്കിടെ ജോലി ചെയ്യേണ്ടി വന്നതെന്ന് യുവതി വെളിപ്പെടുത്തി.
ബുധനാഴ്ച യുവതിക്ക് 1000 രൂപ പിഴ ചുമത്തിയ വിവരം ബംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. യുവതി കാറോടിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം എക്സിലൂടെ പുറത്ത് വിട്ടു. വർക്ക് ഫ്രം ഹോം അനുവദനീയമാണ് എന്നാൽ, അത് കാറിൽ നിന്നും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുവതിയുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് കമന്റുകളും നിറയുകയാണ്. സമൂഹമാധ്യമങ്ങളിൽ ചിലർ ട്രാഫിക് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിന്റെ നേർസാക്ഷ്യമാണ് വിഡിയോയെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. കോർപ്പറേറ്റ് മേഖലയുടെ ജോലി സമ്മർദം മൂലമാണ് യുവതിക്ക് ഇത്തരത്തിൽ കാറിൽ ജോലി ചെയ്യേണ്ടി വന്നതെന്നായിരുന്നു മറ്റൊരു കമന്റ്.
നേരത്തെ കാറിലിരുന്ന് യുവാവ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ, ആരാണ് ഇത്തരത്തിൽ ലാപ്ടോപ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.