എം.കെ സ്റ്റാലിൻ, രാഹുൽ ഗാന്ധി
'വിജയ്‌യെ ഭയമാണോ?'; തമിഴ്‌നാട്ടിലെ വോട്ടർ വെട്ടിനിരത്തലിൽ രാഹുൽ ഗാന്ധിക്ക് മൗനം; രൂക്ഷവിമർശനവുമായി ഡി.എം.കെ
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനരവലോകന (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി തമിഴ്‌നാട്ടിലെ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനിരത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'മൗന'ത്തെ രൂക്ഷമായി ചോദ്യം ചെയ്ത് ഡി.എം.കെ. തമിഴ്‌നാട്ടിലെ വിഷയത്തിൽ രാഹുൽ ഗാന്ധി ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്നും, എസ്.ഐ.ആർ വിഷയത്തിൽ അദ്ദേഹം വ്യക്തതയില്ലാത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ 'എക്സി'ൽ കുറിച്ചു.
എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള 'ഇൻഡ്യ' മുന്നണി നേതാക്കൾ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡി.എം.കെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം നടത്തുന്ന രാഹുൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം കവർന്നതിനെക്കുറിച്ച് എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ലെന്ന് അണ്ണാദുരൈ ചോദിച്ചു.
എസ്.ഐ.ആർ നടപടികൾക്ക് ശേഷം അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരുകളെല്ലാം പിരിച്ചുവിടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ പരസ്യമായി പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അണ്ണാദുരൈ ആരാഞ്ഞു.
നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തെയും (ടി.വി.കെ) സംസ്ഥാന സർക്കാരിനെയും ഭയന്നാണോ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ വോട്ടർ വെട്ടിനിരത്തൽ ഉയർത്തിക്കാട്ടാത്തതെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ കപടമുഖമുള്ള വ്യക്തിയാണെന്ന് കുറ്റപ്പെടുത്തിയ അണ്ണാദുരൈ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന കടുത്ത വാക്കുകൾ ഉപയോഗിച്ചാണ് എക്സ് പോസ്റ്റ് അവസാനിപ്പിച്ചത്.
പതിറ്റാണ്ടുകളുടെ സഖ്യം തകർന്നതിന് പിന്നാലെ പുതിയ രാഷ്ട്രീയ പോര്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഡി.എം.കെ-കോൺഗ്രസ് സഖ്യം തകർന്നതിന് പിന്നാലെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡി.എം.കെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച കോൺഗ്രസ്, നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെയെ പിന്തുണച്ച് സംസ്ഥാനത്ത് ഭരണത്തിലെത്താൻ സഹായിക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട്ടിൽ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ വിരോധം തുറന്ന പോരിലേക്ക് നീങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.