രാഹുലിനും പ്രിയങ്കക്കുമെതിരെ കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; ചർച്ചക്ക് വിളിച്ച് ഖാർഗെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എം.പിക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
അനുമതി ഇല്ലാതെ ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. ഇൻഡ്യ സഖ്യത്തിലെ മറ്റു എം.പിമാർക്കെതിരെയും നേതാക്കൾക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് വ്യക്തമാക്കി. മണിക്കൂറുകൾ ആകാശവാണി ഭവനിൽ ഇൻഡ്യ സഖ്യ എം.പിമാർക്കൊപ്പം പ്രതിഷേധിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് ബലമായാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. അതേസമയം, തുടർ സമരം ചർച്ച ചെയ്യാൻ ഇൻഡ്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ചർച്ചക്ക് വിളിച്ചു.
ആകാശവാണി ഭവനിലേക്ക് എം.പിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിലാണ് കേസെടുത്തത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
രാഹുലിനും പ്രിയങ്കക്കും എം.പിമാർക്കുമെതിരെ കേസെടുത്തതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. കേന്ദ്ര സർക്കാർ ഏകാധിപത്യ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ രാഹുൽ അരാജകത്വം സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിടാനുമാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
രാഹുൽ ഗാന്ധി ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറി എന്ന ആരോപണം കോൺഗ്രസ് എം.പി ഇംറാൻ മസൂദ് തള്ളി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണ്, അദ്ദേഹത്തോടൊപ്പം മറ്റ് എം.പിമാരും ഉണ്ടായിരുന്നു. രാഹുൽ അതിക്രമിച്ചു കയറിയിട്ടില്ല... തങ്ങൾ അവസാനം വരെ പൊരുതും. വെറുമൊരു എഫ്.ഐ.ആർ കണ്ട് പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊണാട്ട് പ്ലേസിന് അടുത്തുള്ള സാഗർ രത്ന ഹോട്ടലിൽ ഉച്ചയ്ക്ക് 1.45ന് ഒന്നിച്ചുകൂടുന്ന ഇൻഡ്യ സഖ്യ നേതാക്കൾ പ്രക്ഷോഭത്തിന്റെ തുടർനീക്കങ്ങൾ ചർച്ച ചെയ്യും. അതിനിടെ ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾ തടയാൻ പൊലീസ് ശ്രമിക്കുകയാണെന്നും പ്രവർത്തകർക്ക് നോട്ടിസ് അയക്കുകയാണെന്നും കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. കനത്ത സുരക്ഷയാണ് പൊലീസ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ഗ്യാനേഷിന്‍റെ രാജി ആവശ്യത്തിൽ സമരം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഇൻഡ്യ സഖ്യ എം.പിമാരോട് ഡൽഹി വിട്ടുപോകരുതെന്ന് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിനും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധങ്ങൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എം.പിമാരെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.
ഒമ്പത് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ വൻ പൊലീസ് സന്നാഹമെത്തി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപൽ തുടങ്ങിയവർക്കും പൊലീസ് ക്രൂരത നേരിടേണ്ടിവന്നു. പൊലീസ് ബസിൽ നിന്ന് പല തവണ ജനൽ വഴി പുറത്തുചാടാൻ ശ്രമിച്ച രാഹുലിനെ പൊലീസ് അകത്തേക്ക് തള്ളി. ആകാശവാണി വളപ്പിൽ നിലത്തുകിടന്ന് പ്രതിരോധിച്ച പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് അമിത ബലപ്രയോഗമാണ് നടത്തിയത്.
കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് വലയം തീർത്ത് പൊലീസ് നടപടി തടയാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പവൻ ഖേര, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയൻ, മഹുവ മൊയ്ത്ര തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.