സുവേന്ദു അധികാരി
‘ജയ് ശ്രീറാം’ പറയാന്‍ ആരും നിര്‍ബന്ധിക്കില്ല; ബി.ജെ.പിയുമായി അകലം പാലിക്കുന്നത് കൊണ്ട് ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് നേട്ടമില്ലെന്നും സുവേന്ദു അധികാരി
കൊൽക്കത്ത: ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അനുനയ നീക്കവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ബി.ജെ.പി നിര്‍ബന്ധിക്കില്ലെന്നും, പകരം ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‍ലിം ജനസംഖ്യ താരതമ്യേന കൂടുതലുള്ള ബിറുലിയ ബസാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോൺഗ്രസ് ഇപ്പോള്‍ സംസ്ഥാനത്ത് ഇല്ലാതായിരിക്കുകയാണെന്നും ന്യൂനപക്ഷ വോട്ടര്‍മാര്‍ ബി.ജെ.പിയുമായി അകലം പാലിക്കുന്നത് കൊണ്ടുമാത്രം യാതൊരു നേട്ടവുമില്ലെന്നും സുവേന്ദു അഭിപ്രായപ്പെട്ടു.
‘ഞങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഒക്ടോബര്‍ ആറ് ഒരു സുദിനമാണ്. ഞങ്ങളുടെ കൈകള്‍ സൗഹൃദത്തോടെ പിടിക്കാന്‍ ഇതിലും മികച്ചൊരു അവസരം നിങ്ങള്‍ക്ക് ലഭിക്കില്ല. അതെ, ഞങ്ങള്‍ ‘ജയ് ശ്രീറാം’ വിളിക്കാറുണ്ട്. പക്ഷേ, നിങ്ങളെ അത് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കില്ല. നിങ്ങള്‍ക്ക് അത് ഒഴിവാക്കി വെറും ‘ഭാരത് മാതാ കി ജയ്’ എന്ന് മാത്രം പറയാം’ -സുവേന്ദു പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ബ മേദിനിപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ മറ്റ് രണ്ട് റാലികളിലും അദ്ദേഹം സമാനമായ രീതിയിൽ സംസാരിച്ചു. ഡെബിപൂരില്‍ നടന്ന യോഗത്തില്‍, വോട്ടെണ്ണല്‍ ദിവസം താന്‍ നന്ദിഗ്രാമില്‍ ഉണ്ടാകുമെന്നും ന്യൂനപക്ഷ വോട്ടര്‍മാര്‍ തന്റെ സര്‍ക്കാറുമായി കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ‘സൗഹൃദം സ്ഥാപിക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. വികസന പ്രവര്‍ത്തനങ്ങളിൽ നിങ്ങളും പങ്കാളികളാകും’ - മുഖ്യമന്ത്രി പറഞ്ഞു.
നാരയണ്‍ചക്കിലെ യോഗത്തിൽ, 2021 ലെയും 2026 ലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷങ്ങള്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് വിമർശിച്ച അദ്ദേഹം, തന്നോടൊപ്പം സൗഹൃദം സ്ഥാപിക്കണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണെന്ന് വ്യക്തമാക്കി. നന്ദിഗ്രാമിലെ പ്രധാനാവാസ്, അന്നപൂര്‍ണ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഓർമിപ്പിച്ചു.
രണ്ടിടങ്ങളിൽ നിന്ന് ജയിച്ചതിനെ തുടർന്ന് നന്ദിഗ്രാമിലെ അംഗത്വം സുവേന്ദു അധികാരി ഒഴിവാക്കിയതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുവേന്ദുവിന്റെ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തറുടെ അമ്മ ഹസിറാനി റാത്താണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. ചന്ദ്രനാഥ് റാത്തർ കഴിഞ്ഞ മേയ് ആറിന് കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. താന്നോടൊപ്പം ജോലി ചെയ്തു എന്ന ഒറ്റക്കാരണത്താലാണ് ചന്ദ്രനാഥ് ലക്ഷ്യമിടപ്പെട്ടതെന്നും, കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ സി.ബി.ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.