ന്യൂഡൽഹി: വീട്ടമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം 20 തൊഴിലാളികൾക്ക് ജീവൻ തിരിച്ചുകിട്ടി. പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ അയൽവാസിയായ കുന്തീദേവിയാണ് വീടിന് അടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ തീ പടർന്ന വിവരം ജോതി വർമയെ അറിയിച്ചത്. ടെറസിൽ വന്ന് നിന്ന ജ്യോതി വർമയെ നോക്കി തുറന്നുകിടന്ന ജനലിലൂടെ തൊഴിലാളികൾ തങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. പ്രധാനവാതിൽ ഫാക്ടറി മുതലാളി പൂട്ടിയിട്ടതിനാൽ അവർക്ക് രക്ഷപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല.
എന്തുചെയ്യണമെന്നറിയാതെ ജ്യോതി ഒരു സാരി എറിഞ്ഞുനൽകുകുയാണ് ആദ്യം ചെയ്തത്. എന്നാൽ അതിൽ തൂങ്ങിയിറങ്ങാൻ അവരാരും ധൈര്യം കാണിച്ചില്ല. ഫാക്ടറിയും വീടും തമ്മിൽ ഏകദേശം 15 അടി ദൂരമുണ്ടായിരുന്നതിൽ ചാടി രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. പിന്നീടാണ് തന്‍റെ വീട്ടിലുള്ള ചെറിയ മുളയേണിയെക്കുറിച്ച് അവർക്ക് ഓർമ വന്നത്.
അപ്പോഴേക്കും അയൽവീട്ടിലെ ധർമേന്ദ്രയും സഹായവുമായി എത്തി. വീട്ടിലെ ബാത്റൂമിലെ ജനലിൽ നിന്നും ഫാക്ടറിയിലെ ജനലിലേക്ക് ഏണി വെച്ച് 20 ജോലിക്കാരെ അര മണിക്കൂർ കൊണ്ട് ഇവർ രക്ഷപ്പെടുത്തി. ഡൽഹിയിലെ സുൽത്താൻ പുരിയിലുണ്ടായ തീപിടിത്തത്തിൽ പെട്ട് അപ്പോഴേക്കും രണ്ടു പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം നാല് പേർ മരിച്ചിരുന്നു.
ജ്യോതി വർമയേയും ധർമേന്ദ്രയേയും ദൈവമായാണ് കാണുന്നതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.
ഫാക്ടറി ഉടമസ്ഥൻ വിവരമറിഞ്ഞെത്തി പൂട്ടിയിട്ട വാതിൽ തുറന്നപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. നിയമവിധേയമല്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് അയൽവാസിയായ മുകേഷ് യാദവ് ആരോപിച്ചു. ഇത്തരത്തിൽ നിരവധി ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.