27 വർഷം മുമ്പ് കാണാതായ ഭർത്താവ് സന്യാസി വേഷത്തിൽ കുംഭമേളയിൽ; ഞെട്ടി​ത്തരിച്ച് യുവതി, കുടുംബത്തെ കൈയൊഴിഞ്ഞ് സന്യാസി

ലഖ്നോ: സിനിമകളെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾക്കാണ് പ്രയാഗ് രാജിൽ നടക്കുന്ന കുംഭ മേള സാക്ഷ്യം വഹിച്ചത്. ഝാർഖണ്ഡിൽ നിന്ന് 27 വർഷം മുമ്പ് കാണാതായ ഭർത്താവിനെയാണ് കുംഭ മേളക്കിടെ യുവതിയും കുടുംബവും കണ്ടെത്തിയത്. എന്നാൽ ഇവരുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞിരിക്കുകയാണ് സന്യാസി. 1998ലാണ് ഭാര്യക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ഗംഗാസാഗർ യാദവ് എന്ന യുവാവ് പട്നയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നാടുവിട്ടത്. ഒരുപാട് വർഷങ്ങൾ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ തിരഞ്ഞുനടന്നു. ഒരു ഫലവുമുണ്ടായില്ല. നിരാശയോടെ കുടുംബം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഭർത്താവിനെ കാണാതായതോടെ മക്കളായ കമലേഷിനെയും വിമലേഷിനെയും വളർത്താൻ ധൻവ ദേവി നന്നായി കഷ്ടപ്പെട്ടു.

എന്നാൽ വർഷങ്ങൾക്കു ശേഷം പ്രയാഗ് രാജിൽ വെച്ച് സന്യാസ വേഷധാരിയായ ഗംഗാസാഗറിനെ കണ്ടപ്പോൾ ബന്ധുക്കളിൽ ചിലർക്ക് സംശയം തോന്നിയതാണ് കഥയിലെ ട്വിസ്റ്റ്. ഉടൻ തന്നെ അവർ ഗംഗാറാമിന്റെ ഝാർഖണ്ഡിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ് ഗംഗാസാഗറിന്റെ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും പ്രയാഗ് രാജിലേക്ക് എത്തി. അഘോരി ബാബക്ക്(സന്യാസി)ഗംഗാസാഗറുമായി വലിയ സാദൃശ്യമുണ്ടെന്ന് അവരും മനസിലാക്കി. ഒടുവിൽ സന്യാസി ഗംഗാറാം തന്നെയെന്ന് കുടുംബം സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ബാബ രാജ്കുമാർ എന്ന പേരിൽ അറിയപ്പെടുന്ന സനാസി ഝാർഖണ്ഡിലെ ആരുമായും തനിക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് അവരുടെ അവകാശവാദം നിഷേധിക്കുകയായിരുന്നു. താൻ വാരാണസിയിൽ നിന്നാണെന്നും ഗംഗാസാഗറുമായി ഈ ജൻമത്തിലോ കഴിഞ്ഞ ജൻമത്തിലോ ഒരു വിധ ബന്ധങ്ങളുമില്ലെന്നും പറഞ്ഞൊഴിഞ്ഞു.

എന്നാൽ കുടുംബാംഗങ്ങൾ വിടാൻ ഒരുക്കമായിരുന്നില്ല. അവർ സന്യാസിയുടെ ശരീരത്തിലുണ്ടായിരുന്ന അടയാളങ്ങൾ പരിശോധിച്ചു. മുറിവേറ്റ പാടുണ്ടായിരുന്നു ഗംഗാറാമിന്റെ ശരീരത്തിൽ. അത് അതുപോലെ സന്യാസിയുടെ ദേഹത്തും കണ്ടെത്തി. കണ്ണുകളുടെയും മുഖത്തിന്റെയും മറ്റ് ശരീര ഭാഗങ്ങളുടെയും സാമ്യത തിരിച്ചറിഞ്ഞ് സന്യാസി വേഷത്തിലുള്ളത് ഗംഗാസാഗർ തന്നെയാണെന്ന് കുടുംബം ഉറപ്പിച്ചു.

സത്യം തെളിയിക്കാനായി ഡി.എൻ.എ പരിശോധന വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതിനായി മഹാകുംഭമേളയിലെ പൊലീസിനെയും സമീപിച്ചു. കുടുംബാംഗങ്ങളിൽ ചിലർ ഝാർഖണ്ഡിലേക്ക് തിരിച്ചുവെങ്കിലും കുറച്ചു പേർ സന്യാസിക്കൊപ്പം തന്നെയുണ്ട്. ഡി.എൻ.എ പരിശോധന വഴി സത്യം തെളിയിക്കാമെന്ന കണക്കുകൂട്ടലിലാണ് അവർ. അതിനിടെ, പരിശോധന ഫലം തെറ്റാണെങ്കിൽ ബാബ രാജ്കുമാറിനെ ബുദ്ധിമുട്ടിച്ചതിൽ മാപ്പു പറയുമെന്നും ഗംഗാസാഗറിന്റെ സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Woman shocked to find missing husband if 27 years as Aghori Sadhu at Prayagraj's Maha Kumbh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.