ന്യൂഡൽഹി: ഭർത്താവുമൊന്നിച്ച് കഴിയാനുള്ള ഉത്തരവുണ്ടായിട്ടും മാറിത്താമസിക്കുന്ന സ്ത്രീക്ക്, അതിന് മതിയായ കാരണമുണ്ടെങ്കിൽ ചെലവിന് പണം കിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചാണ് ഇതു സംബന്ധിച്ച നിർണായക വിധി പറഞ്ഞത്. ഇക്കാര്യത്തിൽ കണിശമായി ചട്ടം ഉണ്ടാകേണ്ടതില്ലെന്നും കേസിന്റെ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സമാനമായ നിരവധി ഹൈകോടതി-സുപ്രീംകോടതി വിധികൾ ബെഞ്ച് പരിശോധിച്ചു. ഒരുമിച്ച് താമസിക്കാനുള്ള വിധിയുണ്ടെങ്കിലും ഭാര്യക്ക് ഒത്തുപോകാനാകാത്ത സാഹചര്യമുണ്ടോ എന്ന കാര്യം പരിശോധിക്കണം.
2014 മേയിൽ വിവാഹിതരായ ഝാർഖണ്ഡിൽനിന്നുള്ള ദമ്പതികളുടെ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇവർ 2015 ആഗസ്റ്റിൽ പിരിഞ്ഞു. ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയെ സമീപിച്ച് വിവാഹ അവകാശം പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ചു. താൻ ഭർത്താവിൽനിന്ന് ശാരീരിക-മാനസിക പീഡനം നേരിടുന്നതായും ഭർത്താവ് അഞ്ചു ലക്ഷം സ്ത്രീധനം ചോദിക്കുന്നതായും ഭാര്യ കോടതിയെ അറിയിച്ചു. ഭർത്താവിന്റെ ഇതര ബന്ധങ്ങൾ, തനിക്ക് ഗർഭം അലസിയപ്പോൾ കാണാൻ വരാതിരുന്നത് തുടങ്ങിയ കാര്യങ്ങളും ബോധിപ്പിച്ചു.
വീട്ടിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുകയും പാചകത്തിന് ഗ്യാസ് സ്റ്റൗ അനുവദിക്കുകയും ചെയ്താൽ താൻ ഭർതൃഗൃഹത്തിലേക്ക് മടങ്ങാൻ തയാറാണെന്നും അവർ പറഞ്ഞിരുന്നു. ഇതെല്ലാം നിഷേധിച്ച സ്ഥിതിയായിരുന്നു. 2022ൽ കുടുംബകോടതി വിവാഹബന്ധം പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ഭാര്യയുമൊത്ത് കഴിയാനുള്ള ഭർത്താവിന്റെ അഭ്യർഥനയാണ് കാര്യമായി പരിഗണിച്ചത്. എന്നാൽ, ഭാര്യ മടങ്ങിപ്പോകാൻ തയാറായില്ല. ഒപ്പം ചെലവിന് നൽകണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിക്കുകയും ഈ കോടതി ഭർത്താവ് പ്രതിമാസം 10,000 രൂപവെച്ച് നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ ഭർത്താവ് ഝാർഖണ്ഡ് ഹൈകോടതിയിൽ പോയി അനുകൂല വിധി നേടി. ഈ വിധിക്കെതിരെ യുവതി പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ചെലവിന് നൽകാനുള്ള 2022ലെ കുടുംബകോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.