(Photo courtesy: The News Minute)

മകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം

ചെന്നൈ: മകന്‍റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്.

വാഹനാപകടത്തിൽ മരിക്കുന്നവർക്ക് സർക്കാർ ആശ്വാസധനം നൽകുമെന്ന ധാരണയിൽ ഇവർ ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മകന്‍റെ പഠനത്തിനുള്ള പണം കയ്യിലില്ലാത്തതിനാൽ പാപ്പാത്തി ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് സർക്കാറിൽ നിന്ന് ആശ്വാസധനം ലഭിക്കുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.

സംഭവദിവസം പാപ്പാത്തി ആദ്യം ഒരു ബസിന് മുന്നിൽ ചാടാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ച് ഇവർക്ക് പരിക്കേറ്റു. ഇതിന് മിനിറ്റുകൾക്ക് ശേഷമാണ് അടുത്ത ബസിന് മുന്നിൽ ഇവർ ചാടിയത്. റോഡരികിലൂടെ നടക്കുന്നതിന്‍റെയും ബസിനുമുന്നിൽ ചാടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ പാപ്പാത്തി 18 വർഷമായി ഒറ്റക്കാണ് മകനും മകളും അടങ്ങിയ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നത്.


ജൂൺ 28ന് നടന്ന അപകടത്തിൽ ബസുകാർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് കണ്ടെത്തിയത്. 45,000 രൂപയാണ് ഫീസടക്കാനുണ്ടായിരുന്നത്. 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ വേതനം. മകൾ അവസാന വർഷ എൻജിനീയറിങ്ങിനും മകൻ സ്വകാര്യ കോളജിൽ ആർകിടെക്ചർ ഡിപ്ലോമ കോഴ്സിനും പഠിക്കുകയായിരുന്നു. പലയിടത്തുനിന്നും കടം വാങ്ങിയാണ് മക്കളെ പഠിപ്പിച്ചിരുന്നത്.

ബസപകടത്തിൽ മരിച്ചാൽ ബസ് കമ്പനിയോ സർക്കാറോ നഷ്ടപരിഹാരം നൽകുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Tags:    
News Summary - woman dies by suicide believing compensation for death will help towards son’s fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.