ഐ.വി.എഫ് ചികിത്സ നടത്തിയത് വ്യാജ ഡോക്ടർ; യുവതിക്ക് ദാരുണാന്ത്യം

ലഖ്നോ: െഎ.വി.എഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് മേഖലാ കേന്ദ്രത്തിലെ ഇക്കോ വില്ലേജ് രണ്ട് ഹൗസിങ് സൊസൈറ്റിയിലെ ഐ.വി.എഫ് ക്രിയേഷൻ വേൾഡ് സെന്റർ ഉടമയായ പ്രിയരഞ്ജൻ ഠാക്കൂർ എന്നയാളാണ് പിടിയിലായത്. സ്ഥാപനത്തിന്റെ ഉടമകൂടിയായ ഇയാളുടെ എം.ബി.ബി.എസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 19ന് ക്ലിനിക്കിൽ ഐ.വി.എഫ് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതി കോമ അവസ്ഥയിലായി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഇവരെ മാറ്റിയെങ്കിലും ആഗസ്റ്റ് 26ന് മരിച്ചു. ക്ലിനിക്കിലെ സ്ഥിരം സന്ദർശകയായിരുന്നു മരിച്ച സ്ത്രീയെന്നും ഏറെനാളായി ഐ.വി.എഫ് ചികിത്സ നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സെൻട്രൽ നോയിഡ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് പറയുന്നതനുസരിച്ച്, ഠാക്കൂറിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. 2005ലെ എം.ബി.ബി.എസ് ബിരുദത്തിൽ ഇയാൾ ബിഹാറിലെ മധേപുരയിലുള്ള ഭൂപേന്ദ്ര നാരായൺ യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും പരിശോധനയിൽ ബിരുദം വ്യാജമാണെന്ന് കണ്ടെത്തി.

യുവതിയുടെ ഭർത്താവിന്‍റെ പരാതിയെത്തുടർന്ന് അശ്രദ്ധമൂലമുള്ള മരണം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഠാക്കൂറിനെതിരെ കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Woman dies after being treated by fake IVF doctor at Greater Noida clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.