കൊൽക്കത്ത: ഐ.ഐ.എം ബലാത്സംഗകേസിൽ അതിജീവിതയുടെ പിതാവിന്റെ മൊഴി പുറത്ത്. ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് മകൾക്ക് പരിക്കേറ്റതെന്ന് പിതാവ് പറഞ്ഞു. ഓട്ടോയിൽ നിന്ന് വീണതിന് പിന്നാലെ മകൾ ബോധരഹിതയായെന്നും പൊലീസാണ് അവരെ എസ്.എസ്.കെ.എം ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മകൾ ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് മകൾ തന്നോട് പറഞ്ഞത്. മകൾ പീഡനത്തിനിരയായെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്.
പൊലീസ് അറസ്റ്റ് ചെയ്ത ആളുമായി മകൾക്ക് ഒരു ബന്ധവുമില്ല. നിലവിലെ സാഹചര്യത്തിൽ എനിക്ക് മകളുമായി സംസാരിക്കാൻ സാധിച്ചിട്ടില്ല. അവൾ ഉറങ്ങുകയാണ്. മകളുമായി സംസാരിച്ചതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. മകൾ ട്രോമയിലാണോയെന്ന ചോദ്യത്തിന് അവൾ പൂർണ്ണ ആരോഗ്യവതിയാണെന്നായിരുന്നു പിതാവിന്റെ മറുപടി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കൽക്കത്ത കാമ്പസിലെ രണ്ടാം വർഷ വിദ്യാർഥി തന്നെ ബലാത്സംഗം ചെയ്തതായി വിദ്യാർഥിനിയുടെ പരാതി ഉന്നയിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ. പരാതിയെ തുടർന്ന് കർണാടക സ്വദേശിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അലിപുർ കോടതി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജൂലൈ 19 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കൗൺസലിങ് സെഷന്റെ മറവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് തന്നെ എത്തിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു. അവിടെ എത്തിയപ്പോൾ മയക്കുമരുന്ന് കലർത്തിയ പിസ്സയും വെള്ളവും നൽകി. തുടർന്ന് ബോധം നഷ്ടപ്പെട്ടു.
ബോധം വീണ്ടെടുത്തപ്പോൾ ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞു. ഇരുവരും ഓൺലൈനിൽ പരിചയപ്പെടുകയും പിന്നീട് നേരിൽ കാണുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർഥിനി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.