കോട്ട (രാജസ്ഥാൻ): നിരവധി ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ (ഫിക്സഡ് ഡെപോസിറ്റ്) നിന്ന് നാലര കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ വനിത മാനേജർ അറസ്റ്റിൽ. എല്ലാ ഒ.ടി.പികളും നേരിട്ട് സ്വീകരിക്കുന്നതിനായി അവർ ഒരു സിസ്റ്റം പോലും ഇൻസ്റ്റാൾ ചെയ്തിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ഗുപ്തയാണ് പിടിയിലായത്.
മൂന്ന് വർഷത്തിനിടെയാണ് ഇവർ 4.58 കോടി രൂപ തട്ടിയെടുത്തത്. 41ലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം ഉപയോഗിച്ചാണ് അവർ തട്ടിപ്പു നടത്തിയത്.
2020 നും 2023 നും ഇടയിൽ 41 അക്കൗണ്ട് ഉടമകളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാൻ ഗുപ്ത ‘യൂസർ എഫ്.ഡി’ സൗകര്യം ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സ്വന്തം കുടുംബാംഗങ്ങളുടെ നമ്പറുകളിലേക്ക് ഇവർ മാറ്റിയിരുന്നു. തട്ടിയെടുത്ത തുക കൊണ്ട് ഇവർ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഓഹരി വിപണിയിൽ നഷ്ടം നേരിട്ടതിനാൽ പണം തിരികെ ലഭിച്ചില്ല. അക്കൗണ്ട് ഉടമകൾക്ക് അവരുടെ പണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഖാനെ ഉദ്ദരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഒരു ഉപഭോക്താവ് തന്റെ സ്ഥിര നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്നുള്ള പരിശോധനയിൽ വൻ തട്ടിപ്പ് വെളിപ്പെടുകയായിരുന്നു. സഹോദരിയുടെ വിവാഹത്തലേന്ന് ഗുപ്തയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. വിഷയത്തിൽ ഐ.സി.ഐ.സി.ഐ ബാങ്ക് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.