‘പ്രധാനമന്ത്രി പള്ളിയിൽ പതാക ഉയർത്തുമോ?’: മോദി-ഭാഗവത് സഖ്യത്തിന്റെ അയോധ്യ രാമക്ഷേത്ര ചടങ്ങിനെ ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിനു മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവതും ചേർന്ന് കാവിക്കൊടി ഉയർത്തിയതിനെതിരെ വിമർ​ശനവുമായി കോ​ൺഗ്രസ് നേതാക്കൾ. ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ പൂർത്തീകരണത്തിന്റെ ചടങ്ങിൽ സർക്കാർ വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അവർ ആരോപിച്ചു.

ചൊവ്വാഴ്ച ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന ‘ധ്വജാരോഹണ’ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയത്.

‘പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒരു ക്ഷേത്രത്തിൽ ഇത്തരമൊരു പതാക ഉയർത്താൻ തീരുമാനിച്ചതെന്ന്’ കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു. ഒരു ഗുരുദ്വാരയിലോ പള്ളിയിലോ അദ്ദേഹം പതാക ഉയർത്തുമോ? രാജ്യത്ത് മതവികാരം ഉണർത്തി യു.പി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ രാഷ്ട്രീയ ലാഭത്തിനായി രാം മന്ദിറിൽ പതാക ഉയർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൽ നിന്ന് മോദി  മതേതരത്വം പഠിക്കണമെന്നും ആൽവി പറഞ്ഞു. 

 മതത്തിന്റെ പേരിൽ സർക്കാർ മാർക്കറ്റിങ് മാത്രമാണ് നടത്തുന്നതെന്നും ഉത്തർപ്രദേശ് കോൺഗ്രസ് മേധാവി അജയ് റായ് പറഞ്ഞു. പ്രാണ പ്രതിഷ്ഠയും പതാക ഉയർത്തൽ ചടങ്ങുകളും എല്ലായ്പ്പോഴും ഒരുമിച്ച് നടത്താറുണ്ടെന്നും വെവ്വേറെ ചടങ്ങുകൾ നടത്തുന്നത് പരസ്യത്തിനായുള്ള ശ്രമത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

‘നാഗരികതയുടെ പുനരുജ്ജീവനത്തിന്റെ നിമിഷം’ എന്ന് സർക്കാർ വിശേഷിപ്പിച്ച, മോദിയും ഭഗവതും സംയുക്തമായി കാവി പതാക ഉയർത്തിയ ദിവസത്തിലാണ് പ്രതിപക്ഷത്തിന്റെ വിമർശനം. പരമ്പരാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ഒരു ശിഖറിന് കീഴിലാണ് ചടങ്ങ് നടന്നത്. പതാക ഉയർത്തുന്നതിന് മുമ്പ് മോദിയും ഭഗവതും ആരതിയിലും പ്രാർഥനകളിലും പങ്കെടുത്തിരുന്നു. നൂറ്റാണ്ടുകളുടെ മുറിവുകളും വേദനകളും ആശ്വാസം കണ്ടെത്തുകയാണെന്നാണ് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞത്.

Tags:    
News Summary - Will the Prime Minister hoist the flag in the mosque Congress questions Modi Ayodhya Ram temple ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.