അയോധ്യ പ്രതിഷ്ഠക്ക് പോകില്ല; പുരി ശങ്കരാചാര്യ മാപ്പ് പറയണമെന്ന്

മഥുര (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിഷേകം നടത്തുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ സന്യാസിയായ അധോക്ഷജാനന്ദ് ദേവ തീർഥ്. പുരി ശങ്കരാചാര്യ പരസ്യമായി മാപ്പുപറയണമെന്ന് അധോക്ഷജാനന്ദ് ആവശ്യപ്പെട്ടു. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് താൻ പോകില്ലെന്ന് പുരിഗോവർദ്ധന പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ ഹിന്ദുമത പുരോഹിതനാണ് മോദിക്കെതിരെ രംഗത്തെത്തിയത്. മോദി അഭിഷേക ചടങ്ങ് നിർവഹിക്കുന്നതിന് കൈയടിക്കാൻ മാത്രമായി താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്നായിരുന്നു നിശ്ചലാനന്ദയുടെ പരാമർശം.

മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത 140 കോടി ജനങ്ങളെയാണ് നിശ്ചലാനന്ദ തന്റെ വൃത്തികെട്ട പ്രസ്താവനകളിലൂടെ അപമാനിച്ചതെന്ന് അധോക്ഷജാനന്ദ് പറഞ്ഞു. പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭക്തിയുള്ള ഒരാൾ കൈയടിക്കുക മാത്രമല്ല നൃത്തവും ചെയ്യുമെന്ന് അധോക്ഷജാനന്ദ് അഭിപ്രായപ്പെട്ടു.

പുരാതന ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും ജനപ്രതിനിധികളായി കണക്കാക്കപ്പെടുന്ന രാജാക്കന്മാരാണ് നിർമിച്ചത്. ഈ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ ചടങ്ങുകളും രാജാക്കന്മാരാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പ്രതിനിധീകരിക്കുന്ന മോദി പുതിയ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഉചിതമാണെന്നും അധോക്ഷജാനന്ദ് പറഞ്ഞു. 2014ൽ മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച സന്യാസിയാണ് അധോക്ഷജാനന്ദ്. ഗുജറാത്ത് കലാപത്തിന്റെ ചോരക്കറ മോദിയുടെ കൈകളിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - Won’t visit Ayodhya; ‘Puri Shankaracharya should apologize’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.