രാഹുൽ ഗാന്ധിയും തേജസ്വി യാദവും വോട്ടർ അധികാർ യാത്രക്കിടെ

‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കും, എൻ.ഡി.എയെ തൂത്തെറിയും ’ -തേജസ്വി യാദവ്

​പട്ന: ബിഹാറിൽ നടക്കുന്ന ‘വോട്ടർ അധികാർ യാത്രക്കിടെ’ കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമ​ന്ത്രിയുമായ തേജസ്വി യാദവ്. ഈ വർഷം നടക്കുന്ന സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാറിനെ തൂത്തെറിയാൻ ബിഹാറിലെ യുവജനങ്ങളോട് ആഹ്വാനം ചെയ്ത തേജസ്വി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും പ്രഖ്യാപിച്ചു.

രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ മൂന്നാം ദിനത്തിൽ ‘നവാദ’യിലെത്തിയപ്പോഴായിരുന്നു അണികളോടായി രാഷ്ട്രീയ ജനതാദൾ നേതാവിന്റെ ആഹ്വാനം.

‘നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, 20 വർഷമായി കാലാവധി കഴിഞ്ഞ് ഓടുന്ന പഴഞ്ചൻ കാറ് പോലെയായി മാറി. വർഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഈ സർക്കാറിനെ തൂത്തെറിയുമെന്ന് യുവാക്കൾ പ്രതിജ്ഞയെടുത്തുകഴിഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധിയെ നമ്മൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കി മാറ്റും’ -നിറഞ്ഞ കൈയടികൾക്കും ആർപ്പുവിളികൾക്കുമിടയിൽ തേജസ്വി പറഞ്ഞു.

പ്രധാനമന്ത്രി നന്ദ്രേമോദിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച വ്യക്തിയെന്നായിരുന്നു യാത്രക്കിടെ തേജസ്വി യാദവ് രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത്.

ഞായറാഴ്ച ബിഹാറിലെ സറാറിൽ ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്രയിൽ’ നായക സാന്നിധ്യമായി മാറിയ തേജസ്വി യാദവ് സംസ്ഥാന- കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർപട്ടിക പരിഷ്‍കരണ (എസ്.​ഐ.ആർ)ത്തെയും രൂക്ഷമായി വിമർശിച്ചു.

ബിഹാറിലെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള ഏറ്റവും പുതിയ ഗൂഡാലോചനയാണ് എസ്.ഐ.ആർ. വോട്ട് മോഷ്ടിക്കാനും ജനങ്ങളെ കബളിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേർന്ന് പ്രവർത്തിക്കുകയാണ്. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിപ്പിച്ചും, അവരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുമാണ് ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള വ്യായാമമാണ് എസ്.ഐ.ആർ വഴി കമ്മീഷൻ ഇപ്പോൾ നടത്തുന്നത് -തേജസ്വി യാദവ് തുറന്നടിച്ചു.

വോട്ട് കൊള്ളയാണ് എസ്.ഐ.ആർ. ബീഹാറിലെ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ഭരണകക്ഷിയുടെ ഗൂഢാലോചനയാണിത്. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ബിഹാറിലെ ജനങ്ങളെ കബളിപ്പിക്കാമെന്നാണ് ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിചാരം. പക്ഷേ, ഞങ്ങൾ ബീഹാറികൾ ബഹളങ്ങളൊന്നുമില്ലാതെ ‘ഖൈനി’ വിഴുങ്ങി ശീലമുള്ളവരാണെന്ന് അവർ അറിയണം. ആരെയും എതിരിടാനും ഞങ്ങൾ മതി -ആയിരങ്ങളെ സാക്ഷിയാക്കി സ്വതസിദ്ധമായ ശൈലിയിൽ തേജസ്വി കത്തിക്കയറി.

ഇൻഡ്യ മുന്നണിയുടെ പ്രധാന ഘടകകക്ഷിയായ ആർ.ജെ.ഡിയുടെ യുവ നേതാവിൽ നിന്നാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന ആഹ്വാനം ഉയർന്നതെന്നത് ഗൗരവ ചർച്ചകളിലേക്കാകും ഭാവിയിൽ വഴി തുറക്കുന്നത്.

ബി.ജെ.പി നേതൃത്വത്തിലെ വോട്ട് കൊള്ള രാഹുൽ ഉയർത്തികൊണ്ടുവരികയും, ഇൻഡ്യ മുന്നണി ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ. ഞായറാഴ്ച ആരംഭിച്ച വോട്ടർ അധികാർ യാത്ര 16 ദിവസം കൊണ്ട് 1300 കിലോമീറ്റർ പിന്നിട്ടാണ് സെപ്റ്റംബർ ഒന്നിന് പട്നയിൽ സമാപിക്കുന്നത്.

Tags:    
News Summary - Will make Rahul PM, Root out NDA Tejashwi Yadav; calls NDA govt in Bihar 'khatara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.