ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കുേനരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ കസേരയിളകുമോ? മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ, മേയ് 28ന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കുകയുള്ളൂ. മേയ് 28നാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മന്ത്രിക്കെതിരെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തിൽ ഷായുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ മന്ത്രിയെ പുറത്താക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാട്. ഇന്ന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേരുന്നുണ്ട്. മന്ത്രി ഷാ യോഗത്തിൽ പങ്കെടുക്കാനിടയില്ല. ഷാ ഡൽഹിയിലാണുള്ളത്.
സോഫിയ ഖുറേഷിക്കെതിരെ ഷാ നടത്തിയ പരാമർശം ദേശീയ തലത്തിൽ വരെ വലിയ ചർച്ചയായിരുന്നു.
ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രി കൂടിയായ കുൻവർ വിജയ് ഷാ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് ഈ വിവാദ പരാമര്‍ശം. ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു‘ - ഇതായിരുന്നു വിജയ് ഷായുടെ പരാമർശം.
പരാമർശം ശ്രദ്ധയിൽ പെട്ടയുടൻ മധ്യപ്രദേശ് ഹൈകോടതി മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. ഭീകരരുടെ സഹോദരി എന്ന പരാമർശം ഇന്ത്യയുടെ മതസൗഹാർദം തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. പരാമർശം വിവാദമായതിനു പിന്നാലെ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും തന്റെ സഹോദരിയേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് സോഫിയ ഖുറേഷിയെന്നും പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.