കൊടുംകാട്ടി​​ലെത്തി കുട്ടികളുമായി യാചിച്ചു; മനസലിഞ്ഞ് തടവിലാക്കിയ ഭർത്താവിനെ വിട്ടയച്ച് മാവോയിസ്റ്റുകൾ

അവസാന മാർഗം എന്ന നിലയിൽ കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് കൊടുംകാട്ടിലേക്ക് നടക്കുമ്പോഴും സൊണാലിക്കറിയില്ലായിരുന്നു തന്റെ ജീവിതത്തിൽ ശുഭകരമായത് എന്തെങ്കിലും സംഭവിക്കുമെന്ന്. ആ നിശ്ചയദാർഢ്യം വെറുതെയായില്ല.

മാവോവാദികൾ തട്ടിക്കൊണ്ടുപോയ എൻജിനിയർ അശോക് പവാറിനെ മോചിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന അപേക്ഷയുമായി അഞ്ചുദിവസമായി ഭാര്യ സൊണാലി പവാർ മുട്ടാത്ത വാതിലുകളില്ല. ആരും സഹായത്തിനില്ല എന്നുകണ്ടാണ് അവസാനം അവർ രണ്ടു പെൺമക്കൾക്കൊപ്പം കാടുകയറാൻ തീരുമാനിച്ചത്. തന്റെയും മക്കളുടെയും കൂപ്പുകൈകൾക്കുമുന്നിൽ മാവോവാദികളുടെ മനസ്സലിയുമെന്ന പ്രതീക്ഷയിൽ. മക്കളുടെ തേങ്ങലുയരുന്നതിനിടെ വിറയാർന്ന സ്വരത്തിൽ മാവോവാദികളോടുള്ള അഭ്യർഥനയുമായി ഒരു വീഡിയോയും അവർ പുറത്തുവിട്ടു.

 


സൊണാലിയുടെയും മക്കളുടെയും കഠിനവഴികൾ ഫലംകണ്ടു. കാട്ടിൽ ബന്ദികളാക്കിയിരുന്ന എൻജിനിയർ അശോക് പവാറിനെയും സഹപ്രവർത്തകൻ ആനന്ദ് യാദവിനെയും കഴിഞ്ഞ ദിവസം രാത്രി മാവോവാദികൾ നിരുപാധികം വിട്ടയച്ചു. വീട്ടിലെത്താൻ 2000 രൂപയും നൽകി. ബീദർ പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബസ്തർ റേഞ്ച് ഐ.ജി. പി. സുന്ദരരാജ് പറഞ്ഞു. ഇവരെ അടിയന്തരവൈദ്യസഹായത്തിനും കൗൺസലിങ്ങിനുമായി ബിജാപുരിലെ കുത്രുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേസമയം സൊണാലിയും മക്കളും ഉൾവനത്തിൽ തനെനയായിരുന്നു. വഴി അറിയാതെ അവർ ഒരുപാട് ബുദ്ധിമുട്ടി. നാട്ടുകാരും പ്രാദേശിക പത്രപ്രവർത്തകരും അവരെ സഹായിക്കാൻ കൂടി.

ആറു ദിവസം മുമ്പാണ് ബിജാപുർ ജില്ലയിൽ പാലം പണി നടക്കുന്നയിടത്തുനിന്ന് മാവോവാദികൾ എഞ്ചിനിയറെയും സഹപ്രവർത്തകനെയും കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. ഇന്ദ്രാവതി നദിക്കു കുറുകെ പാലം നിർമിക്കുന്ന സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് ഇവർ.

സംഭവമറിഞ്ഞ് സൊണാലിയും മക്കളും ശനിയാഴ്ചയാണ് കരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്. കൊച്ചുകുട്ടികളായ മക്കളെ ഓർത്തെങ്കിലും കരുണകാട്ടണം. തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചാൽ സ്വദേശമായ മധ്യപ്രദേശിലേക്കു മടങ്ങാമെന്നും സൊണാലി വീഡിയോയിൽ ഉറപ്പുനൽകി. എന്നിട്ടും ഫലം കാണാഞ്ഞാണ് മക്കൾക്കൊപ്പം കാടുകയറി മാവോവാദികളെ കാണാൻ തീരുമാനിച്ചത്. നാട്ടുകാർ ഇവർക്ക് സഹായമൊരുക്കുകയും ചെയ്തു. അതിനിടെ വീഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാവോയിസ്റ്റുകൾ ഇവരെ വിട്ടയക്കുകയായിരുന്നു. 

Tags:    
News Summary - wife goes to forest with two kids to release her husband from clutches of maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.