ത്രിപുരയിൽ കൊല്ലപ്പെട്ട ബില്ലാൽ മിയ, സൈഫുൽ ഇസ്​ലാം, സായിദ് ഹുസൈൻ  

'എന്തിനാണവർ ഞങ്ങളുടെ മക്കളെ കൊന്നത്​?' പശുക്കടത്തിന്‍റെ പേരിൽ ത്രിപുരയിൽ കൊല്ലപ്പെട്ട മൂന്ന്​ യുവാക്കളുടെ കുടുംബം ചോദിക്കുന്നു

അഗർത്തല: 'എന്‍റെ സഹോദരന്​ നീതി ലഭിക്കണം. അവന്‍റെ 2 വയസ്സുള്ള മകനാണിത്​. ഈ കുഞ്ഞിന്​​ സംഭവിച്ചതൊന്നും അറിയില്ല. എങ്ങനെയാണ്​ ഈ കുഞ്ഞ്​ ഉപ്പയില്ലാതെ ജീവിക്കുക?" -പറക്കമുറ്റും മുമ്പ് വർഗീയകോമരങ്ങളാൽ​ അനാഥനാക്കപ്പെട്ട കൈക്കുഞ്ഞിനേയും കൈയിലേന്തി യുവതി ചോദിക്കുന്നു. ബില്ലാൽ മിയയുടെ സഹോദരിയാണ്​ ഈ യുവതി. ബില്ലാലിനെ അറിയില്ലേ? ഇക്കഴിഞ്ഞ ജൂൺ 20ന്​ അർധരാത്രി ത്രിപുരയിലെ ഖോവായ് ജില്ലയിൽ വർഗീയ പേ പിടിച്ച ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ച്​ തല്ലിക്കൊന്ന മൂന്നുപേരിലൊരാൾ.

സംഘ്​പരിവാറിന്‍റെ മുസ്​ലിംവിരുദ്ധ ആക്രമണങ്ങൾക്കുള്ള​ മറയായ പശുക്കടത്തിന്‍റെ പേരിലാണ്​ ഇവരെ അക്രമികൾ കൊലപ്പെടുത്തിയത്​. ​ബില്ലാൽ മിയ (27)യെ കൂടാതെ സായിദ് ഹുസൈൻ (28), സൈഫുൽ ഇസ്​ലാം (21) എന്നിവരാണ്​ പാതിരാത്രി അതിക്രൂരമായി കൊല്ലപ്പെട്ടത്​. ത്രിപുര സെപാഹിജാല ജില്ലയിലെ സുനമുര സ്വദേശികളാണ്​ മൂവരും.


''എന്‍റെ മകൻ കള്ളനല്ല''

"എന്‍റെ മകൻ കള്ളനല്ല" ദു:ഖം കടിച്ചിറക്കി സൈഫുൽ ഇസ്‌ലാമിന്‍റെ പിതാവ്​ താജിർ ഇസ്‌ലാം പറയുന്നു. 21 കാരനായ സൈഫുൽ ഇസ്​ലാം ചെന്നൈയിൽ നിർമാണത്തൊഴിലാളിയാണ്​. പെരുന്നാളിന്​ കഴിഞ്ഞമാസം നാട്ടിൽ വന്ന ഈ ചെറുപ്പക്കാരൻ അടുത്ത ദിവസം ​െചന്നൈയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അഞ്ചുമാസം മുമ്പാണ്​ വിവാഹിതനായത്​. ഇപ്പോൾ, മധുവിധു മാറും മു​േമ്പ ഭാര്യ വിധവയായി.

''സുഹൃത്തിന്‍റെ ബന്ധുവി​ന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അഗർത്തലയിലേക്ക് പോകാനാണ്​ സൈഫുൽ വീട്ടിൽ നിന്നിറങ്ങിയത്​. ചെന്നൈയിലേക്ക്​ മടങ്ങാനുള്ള വിമാന ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ആധാർ കാർഡും കൈയിൽ കരുതിയായിരുന്നു പോയത്​. 40 ദിവസം മുമ്പ് ചെറിയപെരുന്നാളിനാണ്​ മോൻ നാട്ടിൽ വന്നത്​" -അദ്ദേഹം 'മക്​തൂബ്​ മീഡിയ'യോട്​​ പറഞ്ഞു. "എന്‍റെ മകന് നീതി വേണം. അവർ എത്ര നിഷ്‌കരുണമായാണ്​ എന്‍റെ മകനെ കൊന്നത്​. അവർ എന്‍റെ എല്ലാം എടുത്തു" -മകന്‍റെ ദാരുണ വേർപാടിൽ ഹൃദയം നൊന്ത്​ കഴിയുന്ന സൈഫുലിന്‍റെ മാതാവിന്​ വാക്കുകൾ ഇടറി.

'അപകടമരണം എന്നാണ്​ ആദ്യം പറഞ്ഞത്​'

തങ്ങളുടെ മക്കളുടെ ജീവൻ തീവ്ര വർഗീയവാദികൾ കവർന്നതാണെന്ന തിക്​തസത്യം ഏറെ വൈകിയാണ്​ കുടുംബം അറിഞ്ഞത്​. അതുവരെ, വാഹനാപകടമാണെന്നാണ്​ ഇവരോട്​ പറഞ്ഞത്​. ''വീട്ടിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്​. ഭർത്താവ് കാർ​ അപകടത്തിൽപെട്ട്​ ആശുപത്രിയിലാണെന്നും മരണം സ്​ഥിരീകരിച്ചതായും സായിദിന്‍റെ ഭാര്യ റിമ അക്തറിനെ ആരോ ഫോണിൽ വിളിച്ച്​ അറിയിക്കുകയായിരുന്നു. പിന്നീടാണ്​ പശുമോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നതാണെന്ന്​ ഞങ്ങൾ അറിഞ്ഞത്​" സായിദ് ഹുസൈന്‍റെ പിതാവ് അബ്ദുൽ ഹക്ക് മക്തൂബിനോട് പറഞ്ഞു. മിനി ട്രക്ക് ഡ്രൈവറായിരുന്നു സായിദ് ഹുസൈൻ. അഞ്ച് വയസുള്ള ഇർഫാൻ ഹുസൈൻ ഏകമകനാണ്​.

കൊല്ലപ്പെട്ട ബില്ലാൽ മിയയും സായിദും ഉറ്റ കൂടുകാരായിരുന്നു. ബില്ലാൽ തങ്ങളുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നുവെന്നും അബ്ദുൽ ഹക്ക് പറഞ്ഞു.

കൊല്ലപ്പെട്ട ബില്ലാൽ മിയയുടെ കുഞ്ഞുമായി സഹോദരി

നോവായി ബില്ലാലിന്‍റെ അനാഥനായ പിഞ്ചുകുഞ്ഞ്​

കൂടെയുള്ളവരെല്ലാം തളർന്ന്​ സങ്കടക്കടലിൽ കഴിയു​േമ്പാൾ കളിച്ച്​ ചിരിക്കുകയാണ്​ രണ്ടുവയസ്സുള്ള കുഞ്ഞുമോൻ ഉസ്മാൻ ഹുസൈൻ. മിഠായിയും ബിസ്​ക്കറ്റുമായി വരുന്ന തന്‍റെ പിതാവിനെ ചില വർഗീയ വിഷവിത്തുകൾ ഈ ലോകത്ത്​ നിന്ന്​ എന്നന്നേക്കുമായി ഇല്ലായ്​മ ചെയ്​ത വിവരം ഈ കുഞ്ഞിനറിയില്ലല്ലോ. കണ്ടുനിൽക്കുന്നവരെ കണ്ണീരിലാഴ്​ത്തുകയാണ്​ ഈ ഇളംപൈതൽ. ലിപി ബീഗമാണ്​ ബില്ലാലിന്‍റെ ഭാര്യ. ഉസ്മാൻ ഹുസൈൻ ഏകമകൻ.

എങ്ങുമെത്താതെ കേസ്​

കൊല നടന്ന്​ ഒരാഴ്ചയാകാറായിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്​. സ്ഥിരം കുറ്റവാളികളാണ് കൊലപാതകികളെന്നും മാസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണെന്നും ത്രിപുര ഐ.ജി അരിന്ദം നാഥ് പറഞ്ഞു. 40ഓളം പേര്‍ ചേര്‍ന്നാണ് യുവാക്കളെ മര്‍ദിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിട്ടുണ്ട്​.

കൊലപാതകത്തിനെതിരെ യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ അഗർത്തലയിലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത്​ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്​ രാജി വെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ആൾകൂട്ടക്കൊലക്കെതിരെ യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ അഗർത്തലയിലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിക്കുന്നു


ബി.ജെ.പി അധികാരത്തിലിരിക്കുന്നിടത്തെല്ലാം ആൾക്കൂട്ടക്കൊല റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ത്രിപുര പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ പൂജൻ ബിശ്വാസ് പറഞ്ഞു. "ആൾക്കൂട്ടക്കൊല ഒരിക്കലും ത്രിപുരയുടെ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നില്ല. യോഗി ആദിത്യ നാഥ്​ ഭരിക്കുന്ന യുപിയിൽ നടമാടുന്ന ഈ ഭീകരാക്രമണത്തിന്​ ബിജെപി അധികാരത്തിൽ വന്നയുടൻ ത്രിപുരയും സാക്ഷ്യം വഹിച്ചു. ഇത് ബിജെപി ഇറക്കുമതി ചെയ്തതാണ്'' -അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പുരുഷോത്തം റോയ് ബര്‍മന്‍ ആവശ്യപ്പെട്ടു. പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സമുദായത്തിനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇതാണ് തുടര്‍ച്ചയായി ആള്‍ക്കൂട്ട മര്‍ദനങ്ങള്‍ക്ക് കാരണം. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ എസ്​.​െഎ.ഒ നേതാക്കൾ സന്ദർശിച്ചപ്പോൾ

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ് ഖൊവായ് ആള്‍ക്കൂട്ട കൊലയെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രതികരിച്ചു. ആളുകള്‍ നിയമം കൈയിലെടുക്കുകയല്ല വേണ്ടത്. ആരെങ്കിലും തെറ്റ് ചെയ്താല്‍ പൊലീസിലേല്‍പ്പിക്കുകയാണ് വേണ്ടത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി ഉന്നതതല അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും മണിക് സര്‍ക്കാര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്​ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ്​.​െഎ.ഒയുടെ നേതാക്കളും പ്രതിനിധികളും കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. കുടുംബത്തിന്​ നീതി ലഭ്യമാക്കണമെന്ന്​ ഇവർ ആവശ്യപ്പെട്ടു. 


(വിവരങ്ങൾക്ക്​ കടപ്പാട്: ​ maktoobmedia.com)

 


Tags:    
News Summary - ‘Why they killed our sons?’ parents of lynched Muslim men in Tripura ask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.