ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചിട്ടും മോദി എന്തുകൊണ്ട് അയോഗ്യനായില്ല? -നാനാ പടോലെ

ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പിന്നാലെ രാഹുൽഗാന്ധി ലോക്സഭയിൽ അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ.

സോണിയാ ഗാന്ധിയെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിരന്തരം വിമർശിക്കുന്ന മോദിക്ക് എന്തു​കൊണ്ടാണ് ഇത്തരം നടപടികൾ നേരിടേണ്ടി വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ ശബ്ദമായി നിന്നതിനാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ നടപടികൾ. അദ്ദേഹത്തിനെ അയോഗ്യനാക്കിയത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും നാനാ പടോലെ പറഞ്ഞു.

മോദിസർക്കാറിന്റെ ഏകാധിപത്യ നിയമങ്ങൾ കാരണം നമ്മു​ടെ രാജ്യത്തെ ജനാധിപത്യം വൻ ഭീഷണി നേരിടുന്നു. രാജ്യത്തെ പണവുമായി ഓടിപ്പോയ സാമ്പത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ കുറിച്ച് രാഹുൽ ഗാന്ധി നിരന്തരമായി പറയാറുണ്ട്. ഇത് പ്രതിപക്ഷം ചെയ്യേണ്ട ജോലിയാണ്. അതിന് മറുപടി പറയുക എന്നതാണ് സർക്കാറിന്റെ കടമ.- പടോലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാഗ്പൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സൻവിധൻ സ്ക്വയറിൽ ഒരു ദിവസം നീണ്ട സങ്കൽപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. അതിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പടോലെയുടെ പ്രതികരണം.

രാജ്യത്തെ പ്രധാനമന്ത്രി നിരന്തരമായി ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നു. ബി.ജെ.പി മന്ത്രിമാർ ലോക്സഭയിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അപമാനിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയുടെ പൗത്രനും രക്തസാക്ഷിയുടെ പുത്രനുമാണ് രാഹുൽ ഗാന്ധി എന്നത് മറന്നു​കൊണ്ട് അവർ അദ്ദേഹത്തെ ദേശ വിരുദ്ധൻ എന്ന് വിളിക്കുന്നു. ജീവൻ ത്യജിച്ച ആളുകളുടെ കുടുംബാംഗങ്ങളെയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഇത് ഒരു ദേശസ്നേഹിയെ ദേശവിരുദ്ധൻ എന്ന് വിളിക്കുന്ന മനസുകൾക്കെതിരായുള്ള പോരാട്ടമാണിത്. -നാനാ പടോലെ പറഞ്ഞു. 

Tags:    
News Summary - Why Isn't PM Modi Being Disqualified For Targeting Gandhis: Congress Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.