അഹമ്മദാബാദ്: യു.എസിലെ ട്രംപ് ഭരണകൂടം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വലിയൊരു പങ്കും ഗുജറാത്തി കുടിയേറ്റക്കാരാണെന്നത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യു.എസിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിൽ ഗുജറാത്തികളുടെ പ്രാതിനിധ്യം അവളരെ വലുതാണെന്ന് കണക്കുകളും പറയുന്നു. 2023ൽ യു.എസിലെ 67,391 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഗുജറാത്തികൾ 41,330 ആയിരുന്നു.
ഈ കുടിയേറ്റക്കാർ ചെന്നു ചാടിയ അപകടങ്ങൾ ചെറുതായിരുന്നില്ല. 2022ൽ, ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള ജഗദീഷ് പട്ടേലും ഭാര്യയും അവരുടെ രണ്ട് മക്കളും യു.എസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഹിമപാതത്തിൽ മരവിച്ചു മരിച്ചതും വാർത്തകളിലിടം പിടിച്ചു.
ബി.ജെ.പി ഭരണത്തിൽ ഗുജറാത്ത് ഒരു സമ്പന്ന സംസ്ഥാനമായി മാറിയെന്നാണ് പ്രചാരണം. രാജ്യത്തിന് ‘മാതൃക’ ആണെന്നും പറയുന്നു. പിന്നെ എന്തിനാണ് ആളുകൾ ഈ സംസ്ഥാനം വിടുന്നതെന്നാണ് ഉയരുന്ന ചോദ്യം. ഉത്തരം വളരെ ലളിതമാണെന്നാണ് ‘ദ വയർ’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ക്രിസ്റ്റോഫ് ജാഫ്രലോട്ട് നിരീക്ഷിക്കുന്നത്.
ഗുജറാത്തിൽ വളരെ സമ്പന്നരായ ആളുകളുണ്ട്. എന്നാൽ, കൂടുതലും ദരിദ്രരാണ്. കാരണം സംസ്ഥാനം വർഷങ്ങളായി നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. സംസ്ഥാന ജി.ഡി.പിയുടെ വളർച്ചാ നിരക്കിന് ആനുപാതികമായി തൊഴിലവസരങ്ങളുടെ വളർച്ചാ നിരക്ക് വർധിച്ചില്ലെന്നു മാത്രമല്ല, തൊഴിലവസരങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടില്ല.
2022ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, ഗുജറാത്തി തൊഴിലാളികളിൽ 74ശതമാനം പേർക്ക് രേഖാമൂലമുള്ള കരാർ ഇല്ലായിരുന്നു. കർണാടകയിൽ 41ശതമാനം, തമിഴ്‌നാട്ടിലും കേരളത്തിലും 53ശതമാനം, മധ്യപ്രദേശിൽ 57ശതമാനം, ഹരിയാനയിൽ 64 ശതമാനം, മഹാരാഷ്ട്രയിൽ 65 ശതമാനം, ബീഹാറിൽ 68 ശതമാനം എന്നിങ്ങനെയാണിത്. ഗുജറാത്തികൾ നൂറ്റാണ്ടുകളായി ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും യാത്ര ചെയ്യുന്നുണ്ട്. പക്ഷേ, അന്നവർ അനധികൃത കുടിയേറ്റക്കാരായിരുന്നില്ല.
ഇന്ന് യു.എസിലേക്ക് കുടിയേറിയവർ ശമ്പളക്കാരായിരുന്നില്ല. കർഷകരുടെ അവസ്ഥ വളരെ മോശമായ ഗുജറാത്തിലെ ഗ്രാമങ്ങളിൽ നിന്നാണ് അവർ മിക്കവാറും കുടിയേറ്റം തെരഞ്ഞെടുക്കുന്നത്. 2023ൽ, കർഷകത്തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 242 രൂപയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്നതാണിത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നായ ബീഹാറിലേതിനേക്കാൾ വളരെ പിന്നിൽ.
ദാരിദ്ര്യം അളക്കാൻ യു.എൻ വികസിപ്പിച്ചെടുത്ത ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരവും ഗുജറാത്തിന്റെ സ്ഥാനം പിന്നിലാണ്. ജീവിതനിലവാരം മാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും മാനദണ്ഡമാക്കുന്ന ഈ പട്ടികയിൽ ഗുജറാത്തിന്റെ സ്ഥാനം മധ്യത്തിലാണ്.
ഭക്ഷണ ലഭ്യതയുടെ കാര്യത്തിൽ ഗുജറാത്ത് അതിന്റെ മോശം സ്കോറാണ് കാണിക്കുന്നത്. സംസ്ഥാനത്തെ 38ശതമാനം നിവാസികൾക്ക് അവർക്ക് ആവശ്യമായ ഭക്ഷണം ലഭ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.