സുഭാഷ് കപൂറിൽനിന്ന് കണ്ടെടുത്ത് പാകിസ്താന് തിരികെ നൽകിയ ബുദ്ധ പ്രതിമ (ഫയൽ ചിത്രം)

കോടികളുടെ വിഗ്രഹ മോഷണം: 7,000 രൂപ പിഴ അടക്കാതെ യു.എസ് പൗരൻ തമിഴ്നാട് ജയിലിൽ; കാരണം യു.എസിലേക്ക് കടത്തുമെന്ന ഭയം

ചെന്നൈ: വിഗ്രഹമോഷണക്കേസിൽ തമിഴ്നാട്ടിൽ ശിക്ഷിക്കപ്പെട്ട യു.എസ് പൗരനായ ഇന്ത്യൻ വംശജൻ സുഭാഷ് കപൂർ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽവാസം തുടരുന്നു. 10 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ചെന്നൈയിലെ ട്രിച്ചി സെൻട്രൽ ജയിലിലാണ് സുഭാഷ് കഴിയുന്നത്. ഇയാൾക്ക് കോടതി വിധിച്ച 7000 രൂപ പിഴയടച്ചാൽ ജയിൽ മോചിതനാകാം. എന്നാൽ, പുറത്തിറങ്ങിയാൽ യു.എസിലേക്ക് നാടുകടത്തുമെന്നും അവിടെ തനിക്കെതിരായ നിരവധി വിഗ്രഹമോഷണക്കേസുകളിൽ ശിക്ഷിക്കപ്പെടുമെന്നും ഉള്ള ഭയം കാരണമാണ് 73കാരനായ സുഭാഷ് പിഴ അടക്കാതെ ജയിലിൽ തുടരുന്നതെന്ന് പൊലീസ് അധികൃതർ പറയുന്നു.

2012 മുതൽ തടങ്കലിൽ കഴിയുന്ന കപൂറിനെ 2022 നവംബറിലാണ് തമിഴ്‌നാട്ടിലെ വിചാരണക്കോടതി 10 വർഷം തടവിനും 7000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മുതൽ ആറ് മാസം വരെ അധിക തടവോ അല്ലെങ്കിൽ കോടതി നിർദ്ദേശിക്കുന്ന ശിക്ഷയോ അനുഭവിക്കണം. വിചാരണ കാലയളവ് ശിക്ഷയായി പരിഗണിച്ചതോടെ തടവുകാലാവധി കഴിഞ്ഞിരുന്നു. എന്നാൽ, മറ്റുമോഷണക്കേസുകളിൽ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന വിചാരണ ഭയന്നാണ് ഇയാൾ ജയിലിൽ തന്നെ തുടരുന്നത്

ശിക്ഷാ കാലാവധി പൂർത്തിയായാൽ സുഭാഷിനെ ട്രിച്ചിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റുകയും അവിടെ നിന്ന് നിരവധി കേസുകളിൽ വിചാരണ നേരിടുന്നതിനായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കൈമാറുകയും ചെയ്യും. വിഗ്രഹ മോഷണത്തിനുള്ള റെക്കോർഡ് ശിക്ഷയാണ് സുഭാഷിന്റേതെന്ന് തമിഴ്‌നാട് സി.ഐ.ഡിയുടെ വിഗ്രഹ മോഷണ വിഭാഗം മുൻ ഡയറക്ടർ ജനറൽ കെ. ജയന്ത് മുരളി പറഞ്ഞതായി ‘ദിപ്രിന്റ്’ റിപ്പോർട്ട് ​ചെയ്തു. ‘രാജ്യത്ത് നിന്ന് ധാരാളം വിഗ്രഹങ്ങൾ കവർന്ന വിദഗ്ധ മോഷ്ടാവാണ് സുഭാഷ്. കവർച്ചകളുടെ കൃത്യമായ കണക്ക് ഇപ്പോഴും വ്യക്തമല്ല’ -അദ്ദേഹം പറഞ്ഞു.

കണ്ടെടുത്തത് 143 മില്യൺ ഡോളറിലധികം മൂല്യമുള്ള പുരാവസ്തുക്കൾ

ആർട്ട് ഓഫ് ദി പാസ്റ്റ് എന്ന പേരിൽ യു.എസിലെ മാഡിസൺ അവന്യൂ ആസ്ഥാനമായി കപൂർ നടത്തിയിരുന്ന ആർട്ട് ഗാലറിയിൽനിന്ന് തൊണ്ടിമുതലുകളായി 2500ലധികം പു​രാവസ്തുക്കൾ ന്യൂയോർക്കിലെ ഡിസ്ട്രിക്റ്റ് അറ്റോർണിയും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനും കണ്ടെടുത്തിരുന്നു. 143 മില്യൺ ഡോളറിലധികം മൂല്യമുള്ളവയാണ് ഇവ. ഇതിൽ ഏകദേശം നാല് ദശലക്ഷം ഡോളർ വിലമതിക്കുന്ന 307 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ നൽകുമെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ എൽ. ബ്രാഗ് 2022 ഒക്ടോബറിൽ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 23 ന് യു.എസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 100 പുരാവസ്തുക്കൾ കൂടി തിരികെ നൽകാൻ യുഎസ് സർക്കാർ തീരുമാനിച്ചതായി അറിയിച്ചിരുന്നു.

കപൂർ മോഷ്ടിച്ച് വിൽപന നടത്തിയ നൂറുകണക്കിന് പുരാവസ്തുക്കൾ ഇപ്പോൾ വിദേശ രാജ്യങ്ങളിലെ സ്വകാര്യ ശേഖരങ്ങളിലും മ്യൂസിയങ്ങളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള സാംസ്കാരിക പൈതൃക ഉടമ്പടിയിലൂടെ ഇവ തിരിച്ചെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പക്ഷേ, ഈ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതാണെന്ന് നിയമപരമായി തെളിയിക്കപ്പെട്ടതിനുശേഷം മാത്രമേ ഈ നീക്കം സാധ്യമാകൂ.

മോഷണത്തിന് ചരിത്രകാരന്മാരെയും തെറ്റിദ്ധരിപ്പിച്ചു

ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിൽ 2011 ഒക്ടോബർ 30 ന് ജർമ്മൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2012 ജൂലൈയിൽ ഇയാളെ ഇന്ത്യയിലേക്ക് കൈമാറുകയും തമിഴ്‌നാട് പൊലീസിന് കൈമാറുകയും ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 19 വിഗ്രഹങ്ങൾ മോഷ്ടിച്ച് അനധികൃതമായി കയറ്റുമതി ചെയ്ത കേസിൽ അഞ്ച് പ്രതികളിൽ ഒന്നാം പ്രതിയാണ് ഇയാൾ. ഈ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ചരിത്രകാരന്മാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സഹായത്തോടെ ക്ഷേത്രങ്ങളിലെ ഏറ്റവും പുരാതനമായ വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞാണ് കപൂറും സംഘവും മോഷ്ടിച്ചിരുന്നത്.

ക്ഷേത്രത്തിലെ പൂജാരിക്കോ ക്ഷേത്രജീവനക്കാർക്കോ കൈക്കൂലി നൽകിയാണ് വിഗ്രഹങ്ങൾ കൈക്കലാക്കിയിരുന്നതെന്ന് കെ. ജയന്ത് മുരളി പറഞ്ഞു. തുടർന്ന് ആളുകൾക്ക് സം​ശയമുണ്ടാകാതിരിക്കാൻ ക്ഷേത്ര ജീവനക്കാരുടെ സഹായത്തോടെ വിഗ്രഹത്തിന്റെ ഡ്യൂപ്ലിക്കേറ്റ് രൂപമുണ്ടാക്കി പകരം വയ്ക്കുകയും ചെയ്യുമായിരുന്നുവത്രെ. ക്ഷേത്രജീവനക്കാർ സഹകരിക്കാത്ത സ്ഥലങ്ങളിൽ വിഗ്രഹ മോഷണ വിദഗ്ധരായ കള്ളന്മാരുടെ സഹായത്തോടെയാണ് ഓപറേഷൻ. പുരാവസ്തുക്കൾ കാഠ്മണ്ഡുവിലേക്കും തുടർന്ന് സിംഗപ്പൂരിലേക്കും അവിടെ നിന്ന് യുകെയിലേക്കോ യുഎസിലേക്കോ കൊണ്ടുപോകുന്നതായിരുന്നു രീതി.

കുടുക്കിയത് തെറ്റിപ്പിരിഞ്ഞ കാമുകി

ഇന്ത്യയുൾപ്പെടെ 13ലധികം രാജ്യങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ കടത്തിയ സുഭാഷ് കപൂറിന് സിംഗപ്പൂർകാരിയായ മുൻ കാമുകിയാണ് ഒടുവിൽ ‘പാര’യായത്. ഇരുവരും പിണങ്ങിയപ്പോൾ സുഭാഷ് കപൂർ വിഗ്രഹമോഷ്ടാവാണെന്ന് തുറന്നുകാട്ടി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർക്ക് കാമുകി കത്തുകൾ അയക്കുകകയായിരുന്നു. ഇാണ് അന്വേഷണത്തിലേക്ക് വഴി തുറന്നത്.

രാജ്യത്ത് നിന്ന് കാണാതായ വിഗ്രഹങ്ങളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സിഐഡി വിഗ്രഹ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ലോകമെമ്പാടുമുള്ള നിരവധി മ്യൂസിയങ്ങളിൽ ഇന്ത്യയിലേതെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, കേസുകളുടെ അഭാവം കാരണം അവ വീണ്ടെടുക്കാൻ കഴിയുന്നില്ല” പൊലീസ് പറഞ്ഞു.

കള്ളക്കടത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റും!

വിഗ്രഹം കടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സേവനം തന്നെ മോഷ്ടാക്കൾ ദുരുപയോഗം ചെയ്തിരുന്നു. വിഗ്രഹത്തിന്റെ ഡ്യൂ​പ്ലിക്കേറ്റ് നിർമ്മിച്ച് അത് പുരാതനമല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രം നേടി, ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മോഷ്ടിച്ച യഥാർത്ഥ പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തുന്നതായിരുന്നു രീതി. രാസ പരിശോധനയിലൂടെ മാത്രമേ ഇത് തിരിച്ചറിയാൻ കഴിയൂ. 

Tags:    
News Summary - Why art thief Subhash Kapoor ‘isn’t paying’ Rs 7,000 fine to get out of Tamil Nadu jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.