ആരാണ് ട്രംപിനെ ‘സർപഞ്ച്’ ആക്കിയത്? ട്രംപിന്റെ പരാമർശം ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളി; മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയുമായും പാകിസ്താനുമായും സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുശേഷം രാജ്യത്തെ അത്യധികം പ്രശ്നഭരിതമായ ഉഭയകക്ഷി വിഷയത്തിൽ വിദേശ ഇടപെടൽ അനുവദിച്ചതായി ആരോപിച്ച് പ്രതിപക്ഷം മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു. ട്രംപിന് നൽകിയ അവസരത്തിന് ബി.ജെ.പി ആണ് ഉത്തരവാദികളെന്നും പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന​ും​ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

സഞ്ജയ് റാവത്ത്:

ട്രംപിന് നൽകിയ ഒരു അവസരത്തിന് ബി.ജെ.പി ഉത്തരവാദികളാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. കശ്മീർ കാര്യങ്ങളിൽ ഇടപെടാൻ പ്രസിഡന്റ് ട്രംപിന് അവകാശം നൽകിയ ബി.ജെ.പി ചാണക്യന്റെ തനിപ്പകർപ്പാണ്. ഷിംല കരാർ അവർ വായിക്കണം. ഇരു രാജ്യങ്ങൾക്കുമിടയിൽ മാത്രമേ ചർച്ചകൾ നടക്കൂ എന്ന് അതിൽ പരാമർശിക്കുന്നു. യു.എസ് പ്രസിഡന്റ് ട്രംപിനെ ‘സർപഞ്ച്’ ആക്കിയത് ആരാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

പവൻ ഖേര:

നമ്മുടെ ബി.എസ്.എഫ് ജവാൻ പൂർണം സാഹുവിനെ പാകിസ്‍താൻ തടവിൽ നിന്ന് എപ്പോൾ മോചിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ഡൊണാൾഡ് ട്രംപിനെ ‘എക്‌സി’ൽ ടാഗ് ചെയ്ത് ചോദിച്ചു. ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷാ ഏപ്രിൽ 23 മുതൽ പാകിസ്താൻ കസ്റ്റഡിയിലാണ്.

മനോജ് ഝാ:

കശ്മീരിനെക്കുറിച്ചുള്ള ഏതെങ്കിലും വിദേശ അഭിപ്രായത്തിന്റെ നിയമസാധുതയെ ആർ.ജെ.ഡി എം.പി മനോജ് ഝാ ചോദ്യം ചെയ്തു.  ‘ഒരു പ്രത്യേക സമ്മേളനം വിളിക്കണം. അമേരിക്കൻ പ്രസിഡന്റിന് ഒരു സന്ദേശം നൽകണം. കശ്മീർ പ്രശ്നം ഉന്നയിക്കാൻ ആരാണ് നിങ്ങളോട് പറഞ്ഞത്? ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം കരാറുകളുണ്ട്. അത് ഞങ്ങളുടെ ചരിത്രപരമായ പൈതൃകമാണ്. നിങ്ങൾക്ക് ‘ചൗധരീഹത്ത്’ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം നിങ്ങൾ സ്വയം പ്രഖ്യാപിതമായി മാറുന്നുവെന്ന് മനോജ് പറഞ്ഞു.

മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും:

പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, അതിർത്തി കടന്നുള്ള വെടിവയ്പ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

പ്രതിപക്ഷത്തിന് ട്രംപിന്റെ പരാമർശം നയതന്ത്രപരമായ ഒരു വീഴ്ചയല്ല. ഇന്ത്യയുടെ പരമാധികാര നിലപാടിനോടുള്ള വെല്ലുവിളിയാണ്. അത് തങ്ങൾ വിശ്വസിക്കുന്ന ഒരേയൊരു സ്ഥലത്ത്, പാർലമെന്റിൽ തന്നെ പരിഹരിക്കണമെന്നും ഇരുവരും ആവശ്യ​പ്പെട്ടു. 

കെ.സി. വേണുഗോപാൽ:

കോൺഗ്രസ് ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മൂന്നാം കക്ഷി ഇടപെടൽ ഉണ്ടോ ഇല്ലയോ എന്നതാണ്. ഷിംല കരാറിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഇപ്പോൾ, യു.എസ് പ്രസിഡന്റ് ഈ കാര്യങ്ങളുടെയെല്ലാം മധ്യസ്ഥൻ താനാണെന്ന് അവകാശപ്പെടുന്നുവെന്നും കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു.

1971ലെ യുദ്ധത്തിനുശേഷം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ മുൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം കശ്മീർ ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യയും പാകിസ്താനും സമ്മതിച്ചു. മൂന്നാംകക്ഷി ഇടപെടലിനെതിരായ ഇന്ത്യയുടെ വാദത്തിന്റെ കേന്ദ്ര ഭാഗമായി ഈ വ്യവസ്ഥ മാറിയെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - 'Who made Trump sarpanch: Opposition asks Modi government after US President’s Kashmir overture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.