3,77,000 സബ്സ്ക്രൈബർമാർ, പാക് ഇന്‍റലിജൻസുമായി ബന്ധം, മെസേജിങ് ആപ്പിലൂടെ വിവരങ്ങൾ ചോർത്തി; ആരാണ് ജ്യോതി മൽഹോത്ര?

ന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ ജ്യോതി മൽഹോത്രയെ ശനിയാഴ്ചയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്ര, ‘ട്രാവൽ വിത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെ നെറ്റിസൺസിന് പരിചതമായ മുഖമാണ്. പലതവണ പാകിസ്താൻ സന്ദർശിച്ച ജ്യോതി, പാക് അധികൃതരുമായി നിരന്തരബന്ധം പുലർത്തിയിരുന്നുവെന്നും ദേശസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്നും കാണിച്ചാണ് അറസ്റ്റ്.

ആരാണ് ജ്യോതി മൽഹോത്ര‍?

3,77,000ത്തിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലായ ട്രാവൽ വിത് ജോയുടെ ഉടമയാണ് ജ്യോതി റാണി എന്നും അറിയപ്പെടുന്ന 33കാരിയായ ജ്യോതി മൽഹോത്ര. വിദേശ രാജ്യങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ട വിഡിയോ കണ്ടന്‍റുകളാണ് ട്രാവൽ വിത് ജോയിൽ ഏറെയുമുള്ളത്. ഇതിൽ പാകിസ്താനിൽനിന്നുള്ള വിഡിയോകളുമുണ്ട്. പാകിസ്താനിൽനിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്.

സാംസ്കാരിക പ്രതിനിധിയായി സ്വയം അവതരിപ്പിക്കുന്ന ജ്യോതി, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ നല്ല വശങ്ങളാണ് വിഡിയോകളിൽ വിവരിക്കുന്നത്. മാർച്ച് 22ന് മറ്റ് രണ്ട് ഇന്ത്യൻ യൂട്യൂബർമാർക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ, തങ്ങൾ പാകിസ്താൻ ഹൈകമ്മിഷനിലാണെന്ന് ജ്യോതി അവകാശപ്പെടുന്നു. നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ജ്യോതി മൽഹോത്ര.

 പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, വാട്സ്ആപ്, ടെലഗ്രാം, സ്നാപ്ചാറ്റ് എന്നീ മെസേജിങ് ആപ്പുകൾ വഴി പാകിസ്താനി ഇന്‍റലിജൻസ് ഓഫിസർമാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഓഫിസർമാരുടെ പേര് തെറ്റായ രീതിയിൽ സേവ് ചെയ്താണ് അവർ വിവരങ്ങൾ കൈമാറിയത്. ഒരു സംഘത്തോടൊപ്പം 2023ലാണ് ജ്യോതി ആദ്യമായി പാകിസ്താനിലെത്തിയതെന്ന് അധികൃതർ പറയുന്നു. ഈ സന്ദർശന വേളയിൽ പരിചയപ്പെട്ട ഇഹ്സാനുർ റഹിം അഥവാ ഡാനിഷ് എന്നയാളെ പരിചയപ്പെടുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷവും നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

രണ്ടാമത്തെ പാകിസ്താൻ സന്ദർശനത്തിനിടെ ഡാനിഷിന്‍റെ നിർദേശപ്രകാരം അലി അഹ്സാൻ എന്നയാളെ പരിചയപ്പെടുകയും ഇയാൾ വഴി പാകിസ്താന്‍റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അപ്പോൾ മുതൽ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് പൊലീസ് ഭാഷ്യം. പട്യാലയിൽനിന്ന് അതിർത്തിയിലെ പാക് ചാരന്മാർക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ദേവീന്ദർ സിങ് ദിലിയൻ എന്ന വിദ്യാർഥിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജ്യോതിയും പിടിയിലാകുന്നത്.

പാകിസ്താന് വിവരങ്ങൾ കൈമാറിയ ആറ് പേരെയാണ് ഇന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചുകിടക്കുന്ന ശൃംഖല ഇവർക്കുള്ളതായും അവർ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Who is Jyoti Malhotra, Travel YouTuber arrested for passing sensitive info to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.