ദുരന്തമുണ്ടായ ഉടൻ വിജയ് സ്ഥലംവിട്ടപ്പോൾ പുലർച്ചെ തന്നെ കരൂരിൽ പറന്നിറങ്ങി സ്റ്റാലിൻ

ചെന്നൈ: ക​രൂ​രി​ലെ വേ​ലു​സ്വാ​മി​പു​ര​ത്ത് തന്‍റെ പാർട്ടി സംഘടിപ്പിച്ച റാ​ലി​ക്കി​ടെ​ തിക്കിലുംതിരക്കിലും വൻദുരന്തമുണ്ടായപ്പോൾ ഉടൻ സ്ഥലംവിട്ട നടനും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി.​വി.​കെ) നേതാവുമായ വിജയ്‌ക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനം. പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിക്കാതെയോ സ്ഥലത്ത് ക്യാമ്പ് ചെയ്യാതെയോ സ്ഥലംവിട്ടതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്.

ദുരന്തമുണ്ടായി മരണസംഖ്യ ഉയരുന്നതിനിടെ വിജയ് കാറിൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തി. തുടർന്ന് രാത്രി തന്നെ ചെന്നൈയിലെ സ്വന്തം വസതിയിലെത്തുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിജയ്‌യുടെ വസതിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പിന്നീട് മണിക്കൂറുകൾക്കുശേഷമാണ് സമൂഹമാധ്യമങ്ങളിൽ ‘എന്‍റെ ഹൃദയം തകർന്നിരിക്കുന്നു, വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുഃഖത്തിലാണ് ഞാൻ’ എന്ന വിജയ്‌യുടെ പ്രസ്താവന വന്നത്.

വിജയ് സ്ഥലംവിട്ടപ്പോൾ ഇന്നലെ രാത്രി തന്നെ കരൂരിലേക്ക് പുറപ്പെടുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെയ്തത്. ദുരന്ത വാർത്ത അറിഞ്ഞ ഉടൻ അദ്ദേഹം മന്ത്രിമാരോട് കരൂരിലെത്താൻ ആവശ്യപ്പെട്ടു. തുടർന്ന്, ഇന്ന് പുലർച്ചെ തന്നെ അദ്ദേഹം സ്ഥലത്തെത്തി. ആശുപത്രിയിൽ സന്ദർശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു. ഭയാനകമായ സംഭവമാണ് ഉണ്ടായതെന്നും ദുഃഖം വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം ആശുപത്രിയിൽവെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടി സംഘടിപ്പിച്ച പരിപാടിക്കിടെ ഇത്രയും പേർക്ക് ജീവൻ നഷ്ടമാകുന്നത് തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും സ്റ്റാലിൻ പ്രഖ്യാപിച്ചു.

എം.കെ. സ്റ്റാലിന്‍റെ മകനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കുടുംബത്തോടൊപ്പം ദുബൈ ട്രിപ്പിലായിരുന്നു. സംഭവമറിഞ്ഞ ഉദയനിധി ഉടൻ ദുബൈയിൽനിന്ന് തിരികെ എത്തുകയും കരൂരിലേക്ക് വരികയും ചെയ്തു. ആശുപത്രിയിലെത്തിയ അദ്ദേഹം മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ചു.


താന്‍ ശനിയാഴ്ചകളില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളല്ലെന്നും പുതുതായി രൂപംകൊണ്ട ചില പാര്‍ട്ടികള്‍ക്കും അതിലെ അംഗങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ഇന്നലെ രാവിലെ വിജയ്‌യെ ലക്ഷ്യമിട്ട് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

അതേസമയം, ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സി.ടി. നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിൽ കേസെടുത്തത്. നേരത്തെ ടി.വി.കെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - When Vijay left Stampede scene, MK Stalin flew to Karur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.