ഐഡിബിഐ ബാങ്ക് കൈമാറിയത് തകർന്ന നിലയിൽ; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിനെ സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ.

കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് ബാങ്കിന്റെ ഓഹരികൾ കൈമാറാനുള്ള നീക്കത്തെ രാഹുൽ ഗാന്ധി ശക്തമായി എതിർത്തിരുന്നു. ലാഭത്തിലേക്ക് തിരിച്ചെത്തിയ ഒരു ബാങ്കിനെ വിൽക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും സംവരണ സംവിധാനത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയും ഉന്നയിച്ചു. ബാങ്കിന്റെ തിരിച്ചുവരവിന് പിന്നിൽ ജീവനക്കാരുടെ കഠിനാധ്വാനമാണെന്നും അദ്ദേഹം ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.

എന്നാൽ തകർച്ചയുടെ വക്കിലായിരുന്ന ബാങ്കിനെയാണ് എൻഡിഎ സർക്കാരിന് ലഭിച്ചതെന്ന് നിർമല സീതാരാമൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി. കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് രാഷ്ട്രീയ സ്വാധീനമുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വായ്പ അനുവദിച്ചതാണ് ഐഡിബിഐയെ പ്രതിസന്ധിയിലാക്കിയതെന്നും അവർ ആരോപിച്ചു.

വീഡിയോകോൺ, കിങ്ഫിഷർ എയർലൈൻസ്, എബിജി ഷിപ്‌യാർഡ്, വിൻസം ഡയമണ്ട്സ് തുടങ്ങിയ കമ്പനികൾക്ക് നൽകിയ വൻതുക വായ്പകൾ കിട്ടാക്കടമായി മാറിയതോടെ ബാങ്കിന് കോടികളുടെ നഷ്ടം നേരിടേണ്ടി വന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് മോദി സർക്കാർ ഇടപെട്ട് പ്രൊഫഷണൽ മാനേജ്‌മെന്റ് കൊണ്ടുവരികയും, വിവേകപൂർവമായ വായ്പാ നയങ്ങൾ നടപ്പാക്കുകയും, 25,000 കോടി രൂപയിലധികം മൂലധന പിന്തുണ നൽകിയും ബാങ്കിനെ പുനരുജ്ജീവിപ്പിച്ചത്. ഇതിന്റെ ഫലമായാണ് ബാങ്ക് ഇന്ന് ലാഭത്തിലേക്ക് തിരിച്ചെത്തിയതും വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സജ്ജമായതെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വ്യാവസായിക വികസനത്തിനായി കോൺഗ്രസ് കെട്ടിപ്പടുത്ത സ്ഥാപനങ്ങളാണ് മോദി സർക്കാർ വിറ്റഴിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമർശനം. കോൺഗ്രസിന്റെ കാലത്ത് ബാങ്കുകൾ സൃഷ്ടിക്കപ്പെടുകയും മോദിയുടെ കാലത്ത് അവ വിൽക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവരും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ടാറ്റയെ ക്രിമിനൽ രീതിയിൽ തകർക്കുകയാണെന്നും ബിസിനസ് നേതാക്കൾ മൗനം പാലിക്കുകയാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്, എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇന്ത്യൻ വ്യവസായികളെ ഇകഴ്ത്തുകയാണ് പ്രതിപക്ഷ നേതാവെന്നുമായിരുന്നു നിർമല സീതാരാമന്റെ മറുപടി.

Tags:    
News Summary - IDBI Bank Stake Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.