ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ
ന്യൂഡൽഹി: ഇന്ത്യ - പാകിസ്താൻ സംഘർഷം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നമാണെന്നും അതിൽ ഇടപെടില്ലെന്നും ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ. സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചെങ്കിലും നയതന്ത്ര വിഷയത്തിൽ നേരിട്ട് ഇടപെടാനാകില്ല. വേണമെങ്കിൽ വിഷയത്തിൽ സമവായം കൊണ്ടുവരാൻ ഇടനിലക്കാരനെ ഏർപ്പാടാക്കാൻ ഫണ്ട് അനുവദിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് അജയ് ബംഗ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇതോടെ നദീജല കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീക്കത്തിന് ആഗോള തലത്തിൽ എതിർപ്പ് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലാതായി. പാകിസ്താനിലെ പ്രധാന നദിയായ സിന്ധുവിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് ആ രാജ്യത്തിന് വലിയ തിരിച്ചടിയാകും. പാകിസ്താൻ നിയമമന്ത്രി ഉൾപ്പെടെ നേരത്തെ ഇന്ത്യയുടെ നീക്കത്തെ വിമർശിച്ചിരുന്നു. ലോകബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യക്ക് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നായിരുന്നു പാകിസ്താന്റെ വാദം.
1960ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജല കരാർ രൂപംകൊണ്ടത്. പിന്നീട് പലപ്പോഴായി പാകിസ്താനുമായി സംഘർഷമുണ്ടായെങ്കിലും കരാർ ലംഘിക്കാൻ ഇന്ത്യ തയാറായിരുന്നില്ല. എന്നാൽ ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ തൊട്ടടുത്ത ദിവസം കരാറിൽനിന്ന് പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. സായുധ പ്രഹരത്തിലൂടെയല്ലാതെയും ഇന്ത്യക്ക് പാകിസ്താനെതിരെ നടപടി സ്വീകരിക്കാനാകുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയത്.
അതേസമയം പാക് പ്രകോപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ സേന നിർവീര്യമാക്കി. പാക് റേഞ്ചേഴ്സിന്‍റെ സഹായത്തോടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഏഴ് ഭീകരരെ ബി.എസ്.എഫ് വധിച്ചു. അതിർത്തി മേഖലയിൽ രാത്രിയിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും ജാഗ്രതാനിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.