ന്യൂഡൽഹി: 2014 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തത് 6,312 കേസുകൾ. ഇതേ കാലയളവിൽ ശിക്ഷിച്ചത് 120 കേസുകളിൽ മാത്രം.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ നടനുമായ ശത്രുഘ്നൻ സിൻഹയാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായ ശേഷം 2014 ജൂൺ ഒന്നിനും 2025 നവംബർ ഒന്നിനും ഇടയിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളുടെയും ലഭിച്ച ശിക്ഷകളുടെയും എണ്ണം ആവശ്യപ്പെട്ടത്.
2019-20 സാമ്പത്തിക വർഷത്തിനുമുമ്പ് രജിസ്റ്റർ ചെയ്ത കേസുകൾ ഒരുകാലത്തും 200ൽ എത്തിയിരുന്നില്ല. എന്നാൽ, 2019-20 ആ സാമ്പത്തിക വർഷത്തിൽ 557 കേസുകളായി. 2020-21ൽ കേസുകൾ 996 ആയി
2021-22ൽ 1,116 ആയും വർധിച്ചു. പിന്നീടുള്ള വർഷങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. എങ്കിലും 700ൽ താഴെ പോയില്ല.
2019 ആഗസ്റ്റിന് ശേഷം 93 കേസുകൾ അവസാനിപ്പിച്ച് ഇ.ഡി പി.എം.എൽ.എ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ തെളിയാത്ത കേസുകളാണ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.