താനെ: കൃത്യമായ ഇന്ത്യൻ പൗരത്വ രേഖകൾ ഉണ്ടായിരുന്നിട്ടും പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് സ്ത്രീകളെയും ഒരു കുട്ടിയെയും മഹാരാഷ്ട്രയിലെ താനെയിൽ പൊലീസ് തടവിലാക്കിയതായി റിപ്പോർട്ട്.
ഇവർ നിയമവിരുദ്ധ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ആരോപിച്ചാണ് പൊലീസ് നടപടി. സ്ത്രീകളുടെ പക്കലുണ്ടായിരുന്ന പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമാണെന്നാണ് താനെ പൊലീസിന്റെ വാദം. ഈ രേഖകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്നും അതുവരെ ഇവരെ വിട്ടയക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
എ.ഐ.എം.ഐ.എം മഹിളാ യൂത്ത് വിഭാഗം പ്രസിഡന്റ് റുബീന അമർ പട്ടേലാണ് ഈ വിഷയം ആദ്യമായി പുറത്തുകൊണ്ടുവന്നത്. പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് വിവരമറിഞ്ഞതിനെ തുടർന്ന് എ.ഐ.എം.ഐ.എം പ്രവർത്തകർ ഈ സ്ത്രീകൾ താമസിക്കുന്ന പശ്ചിമ ബംഗാളിലെ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഇവർ അവിടുത്തെ സ്ഥിരതാമസക്കാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
‘സുപ്രീം കോടതിക്ക് പോലും തള്ളിക്കളയാനാകാത്ത ഇന്ത്യൻ പൗരത്വത്തിന്റെ കൃത്യമായ രേഖകളാണ് ഇവരുടെ പക്കലുള്ളത്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് പൊലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയാണ്’-റുബീന അമർ പട്ടേൽ പറഞ്ഞു.
ഭാഷയുടെയോ രൂപത്തിന്റെയോ മാത്രം അടിസ്ഥാനത്തിൽ ബംഗാളി സംസാരിക്കുന്ന മുസ്‍ലീങ്ങളെ ബംഗ്ലാദേശികളാണെന്ന് സംശയിച്ച് വിവിധ സംസ്ഥാനങ്ങളിൽ തടവിലാക്കുന്ന പ്രവണതയുടെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.
കേവലം ഭാഷയോ രൂപമോ മാത്രം മുൻനിർത്തി ആളുകളെ തടവിലാക്കാൻ പൊലീസിന് യാതൊരു അധികാരവുമില്ലെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം തടങ്കലുകൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ സംഭവവുമായി ബന്ധപ്പെട്ട് താനെ പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.