കൊൽക്കത്ത: ബി.ജെ.പി പശ്ചിമ ബംഗാൾ മുൻ പ്രസിഡന്റും എം.പിയുമായിരുന്ന ദിലീപ് ഘോഷിന് മാംഗല്യം. 60കാരനായ ബി.ജെ.പി നേതാവിന്റെ വധുവായെത്തിയത് ബി.ജെ.പി ബംഗാൾ ഘടകം വനിതാ നേതാവാണെന്നതാണ് പ്രത്യേകത. വനിതാ ഘടകത്തിലെ സജീവ പ്രവർത്തകയും നേതാവുമായ 51കാരി റിങ്കു മജുംദാറിനെയാണ് ദിലീപ് ഘോഷ് വിവാഹം ചെയ്തിരിക്കുന്നത്.
റിങ്കുവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തിൽ റിങ്കുവിന് ഒരു മകനുണ്ട്. താൻ വിവാഹിതനായിക്കാണാനുള്ള അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനായാണ് ദിലീപ് ഘോഷ് വൈകിയ വേളയിൽ വിവാഹത്തിന് തയാറായതെന്നാണ് സൂചനകൾ. ഘോഷിന്റെ ആദ്യവിവാഹമാണിത്.
ഘോഷിനെ വിവാഹം കഴിക്കാനുള്ള താൽപര്യം റിങ്കു മജുംദാർ തുറന്നുപറയുകയായിരുന്നുവെന്ന് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരുമാനമെടുക്കാൻ സമയം വേണമെന്ന ഘോഷിന്റെ പ്രതികരണത്തിന് ശേഷം അദ്ദേഹത്തിന്റെ മാതാവ് പുഷ്പലത ദേവിയെ കണ്ട് റിങ്കു അനുകൂല തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആർ.എസ്.എസിൽനിന്നാണ് ദിലീപ് ഘോഷ് ബി.ജെ.പി നേതൃത്വത്തിലേക്ക് എത്തുന്നത്. 2021 മുതൽ 2023 വരെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. മേദിനിപൂർ മണ്ഡലത്തിൽനിന്നാണ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്വേഷ പ്രസ്താവനകൾ നടത്തി പലകുറി ഘോഷ് വിവാദത്തിലകപ്പെട്ടിട്ടുണ്ട്. വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ, ബംഗാളിലെ ഹിന്ദുക്കൾ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഘോഷ് പറഞ്ഞിരുന്നു. ‘ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ, പുതിയ ഫർണിച്ചറുകൾ എന്നിവയൊക്കെ ഹിന്ദുക്കൾ വാങ്ങുന്നു. പക്ഷേ, അവരുടെ വീട്ടിൽ ഒരു ആയുധവുമില്ല. എന്തെങ്കിലും സംഭവിക്കുമ്പോൾ, അവർ പൊലീസിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് നിങ്ങളെ രക്ഷിക്കില്ല’ - നോർത്ത് 24 പർഗാനാസിൽ നടന്ന ഒരു പൊതുറാലിയിൽ ഘോഷ് പറഞ്ഞതാണിത്.
ഘോഷ് വിവാഹിതനാകുന്നതിനോട് ആർ.എസ്.എസിന് താൽപര്യമില്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ മറികടന്ന് റിങ്കുവിനെ വിവാഹം കഴിക്കാൻ ഒടുവിൽ ഘോഷ് തീരുമാനിക്കുകയായിരുന്നു. 2013 മുതൽ ബി.ജെ.പി വനിതാ വിഭാഗം നേതൃത്വത്തിലെത്തിയ താൻ നാലുവർഷം മുമ്പാണ് ഘോഷുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചതെന്ന് റിങ്കു പറഞ്ഞു.
ഈയിടെ കൊൽക്കത്ത ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാൻ ദിലീപ് ഘോഷും റിങ്കുവിന്റെ മകനും ഒന്നിച്ചെത്തിയതും വാർത്തയായിരുന്നു. നഗരത്തിലെ ന്യൂടൗണിലുള്ള ഫ്ലാറ്റിലാണ് ദിലീപ് ഘോഷ് താമസിക്കുന്നത്. അവിടെയാണ് വിവാഹ ചടങ്ങുകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.