ബെംഗലൂരു: കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് രാഹുൽ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തുമെന്ന് നിലവിലെ സാഹചര്യങ്ങളിൽ പാർട്ടിയെ നയിക്കാൻ രാഹുലിനേക്കാൾ മികച്ച ഒരാളുമില്ലെന്നും മുതിർന്ന നേതാവ് എം. മല്ലികാർജുൻ ഖാർഗെ.
പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്ന നേതാവിനെ ജനം അറിയണം, അദ്ദേഹത്തിന് കന്യാകുമാരി മുതൽ കശ്മീർ വരെയും, പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയുമുള്ള ആളുകളുടെ പിന്തുണയും വേണം. ഏവരും അംഗീകരിച്ച നേതാവാണ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ മുഴുവൻ സ്വീകാര്യതയും അദ്ദേഹത്തിന് ഉണ്ട്. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കും. ഇത്തരത്തിൽ ജനങ്ങളുടെയും പാർട്ടിയുടെയും അംഗീകാരം ലഭിച്ച മറ്റൊരു നേതാവ് നിലവിലില്ല -ഖാർഗെ പി.ടി.ഐയോട് പറഞ്ഞു.
സോണിയ ഗാന്ധി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണമെന്ന് മുതിർന്ന നേതാക്കൾ സമ്മർദ്ദം ചെലുത്തണമെന്നും രാഹുൽ മുന്നിൽ നിന്ന് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന് പകരം മറ്റൊരു നേതാവിനെ കാണിച്ചു തരൂ എന്നും എന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഞായറാഴ്ച ഓൺലൈൻ വഴി നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി അധ്യക്ഷയാകും. യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകണമെന്ന് പല നേതാക്കളും പരസ്യമായി ആഹ്വാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം, താൻ കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിൽക്കുകയാണെന്ന് പാർട്ടിയിലെ നിരവധി പേർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.