കോവിഡുമൊത്ത് ജീവിക്കാൻ നാം ശീലിക്കണം: സിസോദിയ

ന്യൂഡൽഹി: കോവിഡ് 19 ഉയർത്തുന്ന ഭീഷണിയിലും വൈറസിനോടൊത്ത് ജീവിക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഏറെക്കാലം നീണ്ടുനിൽക്കുന്ന ലോക് ഡൗൺ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. തൊഴിലില്ലായ്മ, ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന തകർച്ച ഇതെല്ലാം സഹിച്ച് ദീർഘകാലം  പിടിച്ചുനിൽക്കാൻ നമുക്കാവില്ലെന്നും ലോക് ഡൗണിന്‍റെ സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ സിസോദിയ പറഞ്ഞു. അതുകൊണ്ട് പുതിയ രീതിയിൽ സാധാരണത്വം കൈവരിക്കാനാണ് നാം ശ്രമിക്കേണ്ടത്. 

ലോക് ഡൗണിന്‍റെ സാമ്പത്തിക ആഘാതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇതുവരെ ഇത്തരമൊരു അവസ്ഥ ലോകം അഭിമുഖീകരിച്ചിട്ടില്ല. ബിസിനസുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എല്ലാം അടഞ്ഞുകിടന്നു. ഇപ്പോൾ രാജ്യത്തെ സാമ്പത്തിക അവസ്ഥ പൂജ്യത്തിലാണ്. ദീർഘകാലത്തേക്ക് ഇത് നമ്മെ ബാധിക്കും. 

ഒന്നും ചെയ്യാനാകാതെ വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും നിരവധിയാണ്. വർക്ക് ഫ്രം ഹോം സൗകര്യമനുസരിച്ച് ശമ്പളവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിൽ പോലും ഇത് സൃഷ്ടിക്കുന്ന മടിയും നിരാശയും മറികടക്കാൻ എളുപ്പമല്ല. തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുവെന്ന്  മാത്രമല്ല വ്യക്തിജീവിതത്തേയും ഇത് ബാധിക്കും. 

ഡൽഹിയുടെ എല്ലാ ഭാഗങ്ങളും റെഡ് സോണിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ടി.ബി.യേയും ഡെങ്കിപ്പനിയേയും പോലെ കോവിഡിനെ സമീപിക്കുകയും അതോടൊത്ത് ജീവിക്കാൻ പരിശീലിക്കുകയുമാണ് വേണ്ടത്. ഡൽഹിയിലെ റെഡ് സോണുകളുടെ കാര്യത്തിൽ ഇളവുകൾ നൽകാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തുണിക്കടകളും പുസ്തകശാലകളും തുറക്കുന്നതു പോലെയാണ് മദ്യ ഷാപ്പുകളും ഡൽഹിയിൽ തുറന്നത്. എന്നാൽ എല്ലാവരും മദ്യശാലകളുടെ കാര്യം മാത്രമാണ് എപ്പോഴും ചോദിക്കുന്നത്. മദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് എന്ന് മാത്രമല്ല അതിന് ആവശ്യക്കാരുമുണ്ട്. ചൊവ്വാഴ്ച കുറേക്കൂടി നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാനാണ് തീരുമാനമെന്നും സിസോദിയ പറഞ്ഞു.

Tags:    
News Summary - We have to learn to live with Covid-19, says Delhi deputy CM Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.