ഞങ്ങൾ ഗൗതമിക്കൊപ്പം -അണ്ണാമലൈ; 'തെറ്റിദ്ധാരണയുണ്ടായി, പരിഹരിച്ച് മുന്നോട്ട് പോകും'

ചെന്നൈ: പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച നടി ഗൗതമിയുടെ പക്ഷത്താണ് താനെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ചില കാര്യങ്ങളിൽ തെറ്റിദ്ധാരണയുണ്ടായെന്നും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അണ്ണാമലൈ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് ഗൗതമി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ രാജി. വിശ്വാസ വഞ്ചനകാണിച്ച് തന്‍റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചിരുന്നു.

ഗൗതമിയുമായി ഫോണിൽ സംസാരിച്ചെന്നും വളരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും അണ്ണാമലൈ പറഞ്ഞു. അവർ ഉന്നയിച്ച വിഷയത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബി.ജെ.പി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർ കരുതുന്നു. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. അത് തെറ്റിദ്ധാരണയാണ്. പൊലീസ് ഇത് പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബി.ജെ.പിയിൽ ആരും ശ്രമിക്കുന്നില്ല, പ്രതിക്ക് ബി.ജെ.പിയുമായി ബന്ധവുമില്ല. 25 വർഷമായി അയാൾ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു. ഗൗതമിയും ആ വ്യക്തിയും തമ്മിലാണ് കേസ്, പാർട്ടി എന്നും ഗൗതമിക്കൊപ്പമാണ് -അണ്ണാമലൈ പറഞ്ഞു.

ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് സ്വത്തുക്കൾ തട്ടിയെടുത്തതായി ഗൗതമി ആരോപണമുന്നയിച്ചത്. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ​ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉ​പയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. അളഗപ്പനും സംഘവും തന്നെയും മകളെയും ​കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തിയിരുന്നു. ​തന്റെ സാഹചര്യം അളഗപ്പനും കുടുംബവും മുതലെടുക്കുകയായിരുന്നു. പരാതി നൽകിയതോടെ ഒളിവിലാണ് അളഗപ്പൻ. അളഗപ്പനെ സംരക്ഷിക്കുന്നത് ബി.ജെ.പയാണെന്നും ഗൗതമി ആരോപിച്ചിരുന്നു. അതോടൊപ്പം 2025ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി വഞ്ചിച്ചതായും ഗൗതമി പറഞ്ഞിരുന്നു. 

Tags:    
News Summary - We are on Gautami Tadimalla's side': Tamil Nadu BJP chief after actor quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.