കൊച്ചി: ലക്ഷദ്വീപിലെ ജലഗതാഗത മേഖലയിൽ സുരക്ഷ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ പുറത്തിറക്കി അഡ്മിനിസ്ട്രേഷന്റെ പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വിഭാഗം. ബോർഡിങ് സമയത്ത് ജെട്ടികളിൽ ഐ.ഡി കാർഡ് സഹിതം യാത്ര ടിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. യാത്രക്കാർ അല്ലാത്തവരെ എൻട്രി പാസ് ഉപയോഗിച്ച് മാത്രമേ പ്രവേശിപ്പിക്കൂ. ഐ.ഡി കാർഡുള്ള പോർട്ടിലെയും ബോട്ടുകളിലെയും ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് പ്രവേശിക്കാം. തിരിച്ചറിയൽ രേഖ ഹാജരാക്കി യാത്രക്കാരല്ലാത്തവർക്ക് എൻട്രി പാസിന് അപേക്ഷിക്കാം.
ജെട്ടിയിലേക്ക് പ്രവേശിക്കുമ്പോൾ ഇന്ത്യൻ റിസർവ് ബറ്റാലിയൻ, സി.ആർ.പി.എഫ്, ലക്ഷദ്വീപ് പൊലീസ് എന്നിവരുടെ സംയുക്ത സംഘം ടിക്കറ്റുകളും എൻട്രി പാസും പരിശോധിക്കും. എൻട്രി പാസ് ഇല്ലാതെ ജെട്ടിയിൽ പ്രവേശിക്കുന്നവർക്കെതിരെ പിഴ ചുമത്തും. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും ജെട്ടി മേഖലയിലേക്കെത്തുന്ന ലോഡ് വാഹനങ്ങൾക്ക് പ്രതിമാസ നിരക്കിൽ പ്രത്യേക പാസ് അനുവദിക്കും. തൊഴിലാളികൾക്ക് പ്രത്യേക എൻട്രി പാസ് നൽകും. ബോട്ടുകളുടെ സർട്ടിഫിക്കേഷൻ പ്രാദേശിക കമ്മിറ്റി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. ജീവനക്കാർ യൂനിഫോം, ലൈഫ് ജാക്കറ്റ് എന്നിവ ധരിക്കണം. യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കുന്നത് ഉറപ്പാക്കണം. ഇത് പാലിക്കാത്ത ബോട്ടുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ബോട്ട് പുറപ്പെടുമ്പോൾ പോർട്ട് അസിസ്റ്റന്റ് ബോട്ടിന്റെ പേരും യാത്രക്കാരുടെ എണ്ണവും വെൽഫെയർ ഓഫിസറെ അറിയിക്കണം.
ഓൺബോർഡ് കപ്പലുകളിലെ യാത്രക്കാർ ടിക്കറ്റ് കൈവശം സൂക്ഷിക്കണം. എമ്പാർക്കേഷൻ പോയന്റിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നില്ലെന്ന് വെൽഫെയർ ഓഫിസറും പൊലീസും ഉറപ്പുവരുത്തണം.അനുവദനീയമല്ലാത്ത ഏതെങ്കിലും ബോട്ട് കപ്പലിനെ സമീപിച്ചാൽ വെൽഫെയർ ഓഫിസർ പൊലീസിനെയും അധികൃതരെയും അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.