ഹൈദരാബാദ്: വഖഫ് ഭേദഗതി നിയമം പിൻവലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡ് ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ വഖഫ് ഭേദഗതി നിയമവും പിൻവലിക്കേണ്ടി വരും. നിയമം പിൻവലിക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരും.
11 വർഷമായി മുസ്ലിം സത്വത്തെയും അവകാശങ്ങളെയും കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുകയാണ്. ഏക സിവിൽകോഡിലൂടെ ശരീഅത്ത് നിയമങ്ങളും മുസ്ലിംകളിൽനിന്ന് എടുത്തുകളയാനാണ് ലക്ഷ്യമിടുന്നത്. വഖഫ് ഭേദഗതി നിയമത്തിൽനിന്ന് ദാവൂദി ബോറകളെ ഒഴിവാക്കിയത് മുസ്ലിം സമുദായെത്ത ദുർബലമാക്കാനും വിഭജിക്കാനുമാണ്. ബി.ജെ.പി ഭരണഘടനയെ ദുർബലപ്പെടുത്തുകയും മതയുദ്ധത്തിന്റെ പേരിൽ ഭീഷണിമുഴക്കുകയും ചെയ്യുകയാണ്. മോദി ഭരണത്തിൽ മോദിയുടെ ആളുകൾ തീവ്രവാദികളായി മാറി. മതയുദ്ധം ഉണ്ടാകുമെന്ന് അവർ കോടതിയെ ഭീഷണിപ്പെടുത്തുകയാണെന്നും ഉവൈസി പറഞ്ഞു. ഡി.എം.കെ എം.പി എം.എം. അബ്ദുല്ല, വ്യക്തിനിയമ േബാർഡ് പ്രസിഡൻറ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും ‘വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ കാമ്പയിൻ നടത്തുമെന്ന് വ്യക്തിനിയമ ബോർഡ് അറിയിച്ചു. കാമ്പയിന്റെ ഭാഗമായി പ്രതിഷേധ സദസ്സുകൾ, മനുഷ്യച്ചങ്ങല, സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ജൂൺ ഒന്നിന് ഹൈദരാബാദിൽ കുത്തിയിരിപ്പ് സമരവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.