പാർലമെന്റ്, ജഗദാംബിക പാൽ
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾക്കുമേൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിലെ വിവാദ നിർദേശങ്ങൾക്ക് മേലൊപ്പ് ചാർത്തിയ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വെക്കാനിരുന്നത് അവസാന നിമിഷം മാറ്റി. രാത്രി പുറത്തിറക്കിയ ലോക്സഭാ നടപടികളുടെ പുതുക്കിയ അജണ്ടയിൽ നിന്ന് ജെ.പി.സി റിപ്പോർട്ട് സമർപ്പണം ഒഴിവാക്കി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ ഒന്നും പോലും സ്വീകരിക്കാതെ തയാറാക്കിയ റിപ്പോർട്ടിൽ അവരുടെ ഭാഗം വിയോജനക്കുറിപ്പായി അനുബന്ധത്തിൽ ചേർക്കാമെന്ന ഉറപ്പും ലംഘിച്ചാണ് ചെയർമാൻ ജഗദാംബികാ പാൽ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങിയത്.
കൂടുതൽ പേജുള്ള വിയോജനക്കുറിപ്പുകളും ജെ.പി.സി വോട്ടിനിട്ട് തള്ളിയ പ്രതിപക്ഷ നിർദേശങ്ങളും റിപ്പോർട്ടിനൊപ്പം അനുബന്ധമായി ചേർക്കാനാവില്ലെന്നാണ് ചെയർമാൻ പറഞ്ഞത്. കുറേക്കൂടി കടുപ്പിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ കരട് വഖഫ് ബിൽ അടങ്ങുന്നതാണ് ജെ.പി.സി റിപ്പോർട്ട്. സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും തെളിവുകളും ഉണ്ടാകുമെന്ന് ലോക്സഭ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. താൻ സമർപ്പിച്ച വിയോജനക്കുറിപ്പിന്റെ പല ഭാഗങ്ങളുമൊഴിവാക്കിയാണ് ഉൾപ്പെടുത്തിയതെന്ന് അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. താൻ സമർപ്പിച്ച വിയോജനക്കുറിപ്പിന്റെ വിവിധ ഭാഗങ്ങൾ തന്നെ അറിയിക്കാതെ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കിയത് ഞെട്ടിക്കുന്നതാണെന്ന് സമിതിയിലെ കോൺഗ്രസ് അംഗം സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു.
ജെ.പി.സി റിപ്പോർട്ടിനോട് വിയോജിച്ച് പ്രതിപക്ഷം തന്നതെല്ലാം വിയോജനക്കുറിപ്പായി ചേർക്കാൻ പറ്റില്ലെന്ന് ബി.ജെ.പി നേതാവായ ചെയർമാൻ ജഗദാംബിക പാൽ ‘മാധ്യമ’ത്തോടു പറഞ്ഞു.
തങ്ങളെഴുതിയ വിയോജനക്കുറിപ്പിലെ പല പ്രധാന ഭാഗങ്ങളും തള്ളിയെന്ന പ്രതിപക്ഷ എം.പിമാരുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു ജഗദാംബിക പാൽ. 44 വ്യവസ്ഥകളായിരുന്നു ജെ.പി.സിക്ക് മുമ്പാകെ എത്തിയ വഖഫ് ബില്ലിൽ ഉണ്ടായിരുന്നതെന്ന് ജഗദാംബിക പാൽ പറഞ്ഞു. അവയിൽ 14 വ്യവസ്ഥകളിൽ അംഗങ്ങൾ നിർദേശിച്ച ഭേദഗതികളാണ് ജെ.പി.സി വോട്ടിനിട്ട് പാസാക്കിയത്.
പ്രതിപക്ഷ അംഗങ്ങൾ മുന്നോട്ടുവെച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയതാണ്. അങ്ങനെ തള്ളിയ നിർദേശങ്ങൾ പിന്നെന്തിനാണ് വിയോജനക്കുറിപ്പായി സമർപ്പിക്കുന്നത് എന്ന് ജഗദാംബിക പാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.