പട്ന: കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ പട്നയിൽ ചരിത്രപ്രാധാന്യമുള്ള ഗാന്ധി മൈതാനത്ത് പതിനായിരങ്ങൾ സംഗമിച്ച മഹാറാലി.
ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നായി ഒഴുകിയെത്തിയവർ പങ്കെടുത്ത ‘വഖഫ് ബച്ചാവോ, ദസ്തൂർ ബച്ചാവോ’ (വഖഫിനെ രക്ഷിക്കൂ, ഭരണഘടന സംരക്ഷിക്കൂ) സമ്മേളനം വഖഫ് നിയമം ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെതിരുമാണെന്ന് പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങൾക്ക് പുറമെ പശ്ചിമ ബംഗാളിലും സാന്നിധ്യമുള്ള ഇമാറത്തെ ശരീഅ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. 1923ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കിയും 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്തും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന നിയമം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മുസ്ലിം അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഏത് ശ്രമവും ശക്തമായി ചെറുക്കുമെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖരായ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, രാഷ്ട്രീയ ജനതദൾ നേതാവ് തേജസ്വി യാദവ്, പൂർണിയ എം.പി, പപ്പു യാദവ് എന്നിവർ റാലിയിൽ പ്രഖ്യാപിച്ചു.
‘‘ഈ രാജ്യം ആരുടെയും അച്ഛന്റെയല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചാണ് പോരാടിയത്. ബിഹാറിൽ മുസ്ലിംകൾക്കെതിരെ ഒരു അനീതിയും അംഗീകരിക്കില്ല’’- പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് പറഞ്ഞു. ബിഹാറിൽ വോട്ടർ പട്ടിക അട്ടിമറി ഗൂഢാലോചനയാണെന്നും കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കൈയിൽ ഗീതയും ഖുർആനും പിടിക്കുന്നതിനൊപ്പം മറുകൈയിൽ ത്രിവർണ പതാകയും ഭരണഘടനയും പിടിക്കണമെന്ന് പപ്പു യാദവ് പറഞ്ഞു. വഖഫും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്ന് സൽമാനും ഖുർഷിദും ആവശ്യപ്പെട്ടു. ബിഹാറിൽ പുതിയ ‘ജൻ സുരാജ് പാർട്ടി’ക്ക് രൂപം നൽകിയ തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറും റാലിക്ക് പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.