26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്ന സാമൂഹിക പ്രവർത്തകർ സോനം വാങ്ചുക്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചേർച്ച വിഷയത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തെ പിന്തുണച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നടപടി. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ വാങ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തിയ ശേഷം അവരുടെ സാന്നിധ്യത്തിൽ തന്നെയാണ് നിരാഹാര സമരം നിർത്തിയത്.
അതേസമയം, ജന്തർ മന്തർ മേഖല കേന്ദ്രമാക്കി വിദ്യാർഥികൾ പ്രതിഷേധം ശക്തിമാക്കിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരം തുടരുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. വാങ്ചുക് നിരാഹാരം നിർത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, നിരവധി തവണ വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ സി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
‘26 ദിവസത്തെ നിരാഹാരം സോനം വാങ്ചുക് അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ട്. നിങ്ങളുടെ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. നിങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഈ രാജ്യത്തിന്റെ മുഴുവൻ മനഃസാക്ഷിയെ ഉണർത്തി. നിങ്ങളുടെ ജീവൻ രാജ്യത്തിന് വളരെ വിലപ്പെട്ടതാണ്.’ –ദിപ്കെ ‘എക്സി’ൽ കുറിച്ചു.
സമരം തുടരുമെന്ന പ്രഖ്യാപനത്തിനിടെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ സി.ജെ.പി നേതാക്കളും കേന്ദ്ര സർക്കാറുമായി ഇന്ന് ചർച്ച നടക്കും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലാണ് ചർച്ചയെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് സി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്.
സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറായത്. ‘എന്റെ ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനും സന്തുഷ്ടനുമാണ്, നന്ദി’ –വാങ്ചുക് പറഞ്ഞു. ഭാര്യ ഗീതാഞ്ജലി എപ്പോഴും തന്റെ അരികിലുണ്ടായിരുന്നുവെന്നും നിന്നോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിലായിരുന്നു ഉപവാസം തുടങ്ങിയതെങ്കിലും ദിവസങ്ങൾക്കുശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.