ബൈക്കിന്‍റെ പിറകിലെ കുട്ടയിൽ കുട്ടികളെയിരുത്തി യാത്ര; ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം
ബംഗളൂരു: അഞ്ച് കുട്ടികളെ ബൈക്കിന്‍റെ പിറകിലുള്ള ഇരുമ്പ് കൂട്ടിലും ഒരു കുട്ടിയെ മുമ്പിലുമിരുത്തി യാത്ര. അപകടകരമായ രീതിയിൽ കുട്ടികളുമൊത്ത് യാത്രചെയ്യുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കർണാടകയിലെ മൈസൂരു-നഞ്ചൻഗുഡ് റോഡിലാണ് സംഭവം നടന്നത്.
ചിത്രങ്ങളിലും ദൃശ്യങ്ങളിലും കാണുന്നത് പോലെ, ടി.വി.എസ് എക്സ്.എൽ ടൂവീലറിന് പിന്നിൽ ഘടിപ്പിച്ച വലിയ മെറ്റൽ കൂട്ടിൽ കോഴികളെ കയറ്റി കൊണ്ടുപോകുന്നതുപോലെയാണ് കുട്ടികളെ കുത്തിനിറച്ചിരിക്കുന്നത്. ഡ്രൈവർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും ഒപ്പമുള്ള കുട്ടികൾ ആരും തന്നെ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. വാഹനം ഓടിക്കുന്നയാൾക്ക് മുന്നിലായി മറ്റൊരു കുട്ടിയും ഇരിപ്പുണ്ട്.
ഞായറാഴ്ച രാത്രി തിരക്കേറിയ ഊട്ടി മെയിൻ റോഡിലൂടെയാണ് അപകടകരമായ രീതിയിൽ ഇവർ യാത്ര ചെയ്തത്. ഒരു കോഴിക്കൂട് കൊണ്ടുപോകുന്നതുപോലെ അഞ്ച് കുട്ടികളുമായി ടിവിഎസ് എക്സ്എൽ വാഹനം ഓടിക്കുന്നയാൾ എന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സ് ഉപയോക്താവ് കുറിച്ചത്. വാഹനത്തിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു ഡ്രൈവറും ഒരു യാത്രികനും മാത്രം യാത്ര ചെയ്യാൻ അനുവാദമുള്ള വാഹനമാണിത്. ഇത് ലജ്ജാകരവും ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്നാണ് ആളുകൾ പറയുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കും ചിന്തയില്ലേയെന്നും ഹൈവേകളിൽ കുട്ടികളുമായി ഇത്തരം യാത്രകൾ അനുവദിക്കരുതെന്നും മറ്റും നിരവധി പേർ രൂക്ഷമായി പ്രതികരിച്ചു.
സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക നടപടികൾ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കോണ്ടത് അത്യാവശ്യമാണ്. അതിനിടയിലാണ് ഇത്തരം അപകടകരമായ സംഭവങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.