ഓംപ്രകാശ് രാജ്ഭർ
`ഉത്തർപ്രദേശ് നാലായി വിഭജിക്കണം, പൂർവാഞ്ചലിന് രാജ്ഭർ സമുദായത്തിൽ നിന്നും മുഖ്യമന്ത്രി വേണം'; ഓംപ്രകാശ് രാജ്ഭർ
ന്യൂഡൽഹി: ഉത്തർപ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് യു.പി മന്ത്രി ഓംപ്രകാശ് രാജ്ഭർ. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്ഭറിന്‍റെ പുതിയ പ്രഖ്യാപനം. പൂർവാഞ്ചൽ, മധ്യാഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവിയിൽ പൂർവാഞ്ചൽ സംസ്ഥാനം രൂപീകരിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയായി രാജ്ഭർ സമുദായത്തിൽ നിന്നുള്ളയാൾ വേണമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ചയാണ് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) അധ്യക്ഷൻ കൂടിയായ രാജ്ഭർ വിഭജനപ്രഖ്യാപനം നടത്തിയത്. `സംസ്ഥാനത്തിന്‍റെ വിഭജനം അനിവാര്യമാണ്. പൂർവാഞ്ചൽ, മധ്യാഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ സംസ്ഥാനം വിഭജിക്കുമ്പോൾ അംബേദ്കർ നഗർ ഉൾപ്പെടുന്ന പ്രദേശം പരിശോധിച്ചാൽ പൂർവാഞ്ചൽ മേഖലയിലാകെ രാജ്ഭർ സമുദായത്തിനാണ് ഏറ്റവും വലിയ വോട്ടുവിഹിതം. അതിനാൽ ഏതെങ്കിലും പാർട്ടി സഖ്യത്തിന് മുന്നോട്ടുവരുമ്പോൾ ഭാവിയിൽ പൂർവാഞ്ചൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാജ്ഭർ സമുദായത്തിൽ നിന്നായിരിക്കണമെന്നത് മുൻകൂർ നിബന്ധനയായിരിക്കും' എന്ന് രാജ്ഭർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിനെ വിഭജിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന വിഷയമാണ്. നിർദേശിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിൽ കിഴക്കൻ ഉത്തർപ്രദേശ് ഉൾപ്പെടുത്തി പൂർവാഞ്ചൽ രൂപീകരിക്കാനാണ് നീക്കം. മധ്യ ഉത്തർപ്രദേശിനെ അവധ് പ്രദേശ് എന്ന സംസ്ഥാനമായും തെക്കൻ മേഖല ബുന്ദേൽഖണ്ഡ് ആയും പടിഞ്ഞാറൻ ഉത്തർപ്രദേശ് ഹരിത് പ്രദേശ് അഥവാ പശ്ചിമ പ്രദേശ് ആയും വിഭജിക്കണമെന്നാണ് നിർദേശം. ജനസാന്ദ്രത കൂടുതലുള്ള പൂർവാഞ്ചൽ മേഖല തൊഴിലില്ലായ്മയും കുടിയേറ്റവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ദീർഘകാലമായി നേരിടുന്നുണ്ട്. അതേസമയം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മേഖലകൂടിയാണിത്. ലഖ്നോ, കാൺപൂർ തുടങ്ങിയ പ്രദേശങ്ങൾ മധ്യാഞ്ചലിൽ ഉൾപ്പെടും. വരൾച്ചയും വിഭവപരിമിതിയും നേരിടുന്ന മേഖലയാണ് ബുന്ദേൽഖണ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.