വോട്ട് ഒരുക്കം; 75,000 പേർക്ക് നിയമന ഉത്തരവ് നൽകി തൊഴിൽമേള

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ വോട്ട് സ്വാധീനിക്കാൻ ബഹുമുഖ തന്ത്രവുമായി മോദി സർക്കാർ. സാമ്പത്തികമാന്ദ്യവും തൊഴിൽനഷ്ടവും കർഷക രോഷവും ബി.ജെ.പിയെ രാഷ്ട്രീയമായി പരിക്കേൽപിക്കുന്നത് മറികടക്കാനാണ് കരുനീക്കം.

തൊഴിലില്ലായ്മ പെരുകുന്നതിലെ യുവരോഷം മുൻനിർത്തി പ്രത്യേക റോസ്ഗാർ മേളക്ക് (തൊഴിൽ മേള) പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കമിട്ടു. കർഷക രോഷം തണുപ്പിക്കാൻ ഗോതമ്പ്, കടുക് തുടങ്ങി ആറ് റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രിസഭ സമിതി തീരുമാനിച്ചു.

ഹിന്ദുത്വ പ്രീണനവഴിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിക്കാലം ചെലവഴിക്കുന്നത് അയോധ്യ, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ. 75,000ത്തോളം പേർക്ക് കേന്ദ്രസർക്കാർ സർവിസുകളിൽ നിയമനം നൽകിയത് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയാക്കി അവതരിപ്പിക്കുന്ന ചടങ്ങാണ് തൊഴിൽമേളയായി ശനിയാഴ്ച നടന്നത്.

യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, സ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് തുടങ്ങിയവ വഴിയോ മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ തിരഞ്ഞെടുത്തവർക്കാണ് നിയമന ഉത്തരവ് നൽകിയത്. സാധാരണ നിയമന നടപടി പ്രത്യേക ചടങ്ങാക്കി മാറ്റുകയായിരുന്നു.

ഒന്നര വർഷത്തിനകം 10 ലക്ഷം പേർക്ക് നിയമനം നൽകാൻ പ്രത്യേക ദൗത്യപദ്ധതി വേണമെന്ന് ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് കൂടിയുള്ള മുന്നൊരുക്കമായിരുന്നു ഇത്.

ആദ്യഘട്ടമെന്ന നിലയിലാണ് ശനിയാഴ്ചത്തെ ചടങ്ങ് നടത്തിയത്. ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ, പി.എ, ആദായ നികുതി ഇൻസ്പെക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കർഷകരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് താങ്ങുവില പുതുക്കിയതെങ്കിലും, അത് അപര്യാപ്തമാണെന്ന് കുറ്റപ്പെടുത്തി കർഷക സംഘടനകൾ പ്രതിഷേധത്തിലാണ്. നാണ്യപ്പെരുപ്പ നിരക്കിനെക്കാൾ താഴെയാണ് താങ്ങുവില നിശ്ചയിച്ചത്.

താങ്ങുവില പ്രഖ്യാപിച്ചതല്ലാതെ സംഭരണം നടത്തുന്നില്ല. താങ്ങുവിലയ്ക്ക് നിയമപരമായ പിൻബലം നൽകണമെന്ന ആവശ്യം നടപ്പാക്കുന്നില്ല -കർഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ രാസവള കമ്പനികൾ ഉൽപാദിപ്പിക്കുന്ന വളം 'ഭാരത്' എന്ന പൊതുപാക്കറ്റിലാക്കി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായി അവതരിപ്പിച്ച് 'ഒരു രാജ്യം, ഒരൊറ്റ വളം'എന്ന മുദ്രാവാക്യത്തോടെ വിപണിയിലേക്ക് നൽകിത്തുടങ്ങിയത് കഴിഞ്ഞദിവസമാണ്. രാസവള സബ്സിഡി കർഷകർക്കു നൽകുന്നത് രാഷ്ട്രീയമായി മുതലാക്കാനാണ് ഇതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. 

കോവിഡ് ആഘാതം ഉടനൊന്നും പോവില്ല -മോദി

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച ആഘാതം ഉടനെയൊന്നും പോവില്ലെന്നും വൻകിട സമ്പദ് വ്യവസ്ഥകൾ പോലും ഇപ്പോഴും പ്രയാസപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാറിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിയമനം ലഭിച്ച 75,000 ഉദ്യോഗാർഥികൾക്ക് ഔപചാരികമായി ഉത്തരവ് കൈമാറിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. യുവാക്കൾക്ക് കഴിയുന്നത്ര തൊഴിലവസരങ്ങൾ നൽകാനും ശ്രമിക്കുന്നു. ആഗോള സാഹചര്യം നന്നല്ല. പല വൻകിട സമ്പദ്വ്യവസ്ഥകളും പ്രയാസം നേരിടുന്നു. പല രാജ്യങ്ങളിലും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും ഏറ്റവും ഉയർന്ന നിലയിലാണ്.

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കാറുള്ള മഹാമാരിയുടെ പാർശ്വഫലങ്ങൾ 100 ദിവസം കൊണ്ട് ഇല്ലാതാവില്ല. ലോകമെങ്ങും നേരിട്ട പ്രതിസന്ധിക്കിടയിലും കോവിഡ് തടസ്സമാകാതെ സാഹസപൂർവം പുതിയ സംരംഭങ്ങളിൽ ഏർപ്പെടുകയാണ് ഇന്ത്യ. ഇതുവരെ കാര്യമായ പരിക്കില്ലാതെ സംരക്ഷിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 169 പേർക്ക് നിയമനപത്രം

തിരുവനന്തപുരം: ദക്ഷിണ റെയിൽവേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച റോസ്ഗാർ മേളയിൽ 169 ഉദ്യോഗാർഥികൾക്ക് നിയമനപത്രം കൈമാറി.

ഇ.എസ്.ഐയിൽ 48ഉം വി.എസ്.എസ്.സിയിൽ 45ഉം റെയിൽവേയിൽ 39ഉം തപാൽ വകുപ്പിൽ 17ഉം സി.ആർ.പി.എഫിൽ 12ഉം ബി.എസ്.എഫിൽ എട്ടും കാനറ ബാങ്ക്, ജിയോളജിക്കൽ സർവേ എന്നിവയിൽ രണ്ടുവീതവും സെന്‍ട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് എന്നിവയിൽ ഓരോരുത്തർക്കുമാണ് നിയമനം.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് നിയമനപത്രം കൈമാറിയത്. ഇത് യുവാക്കൾക്കുള്ള ദീപാവലി മധുരമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. റെയിൽവേ നവീകരണത്തിന് കേന്ദ്രം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിവിഷനല്‍ റെയിൽവേ മാനേജര്‍ ആര്‍. മുകുന്ദ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലാണ് റോസ്ഗാർ മേള നടന്നത്. ഇവിടെ തപാൽ വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

റോസ്ഗാർ മേളയുടെ മറുപുറം

കേന്ദ്ര ജീവനക്കാരുടെ എണ്ണം 31.90 ലക്ഷം

അനുവദനീയമായ തസ്തികകൾ 40.78 ലക്ഷം

ഒഴിവുകൾ 8.87 ലക്ഷം (21.75 ശതമാനം)

(2020 മാർച്ച് ഒന്നിന്)

തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം

തൊഴിൽ നഷ്ടം: 20 ലക്ഷം

(2022 ആഗസ്റ്റിലെ കണക്ക് പ്രകാരം)

ഇപ്പോഴത്തെ നിയമനം: 75,000 മാത്രം

(അവലംബം: കേന്ദ്രസർക്കാറിന്‍റെ ശമ്പള-അലവൻസ് വിഭാഗം, ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിരീക്ഷണ കേന്ദ്രമായ സി.എം.ഐ.ഇ എന്നിവ തയാറാക്കിയ കണക്കുകൾ)

Tags:    
News Summary - vote preparation-75,000 people have been appointed by the job fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.