വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കണമെങ്കിൽ കർണാടക സന്ദർശിക്കൂ; കെ.സി.ആറിനോട് സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് വാദ്ധാനങ്ങൾ നടപ്പിലാക്കുന്നല്ലെന്ന ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.സി.ആറിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ കർണാടക സന്ദർശിക്കാൻ സിദ്ധരാമയ്യ കെ.സി.ആറിനോട് ആവശ്യപ്പെട്ടു. വാർത്ത സമേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മുഖ്യമന്ത്രി കെ.സി.ആറും അദ്ദേഹത്തിന്‍റെ മകൻ കെ.ടി.ആറും ചില ബി.ജെ.പി നേതാക്കളും കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്ന് പറയുന്നതായി കണ്ടു. അത് ശരിയല്ല. ഞങ്ങൾ കർണാടകയിൽ അധികാരത്തിൽ വരുന്നത് മേയിലാണ്. അന്ന് തന്നെ അഞ്ച് ഉറപ്പുകളും നടപ്പാക്കാനുള്ള തീരുമാനം എടുത്തു. എല്ലാ ഉറപ്പുകളും നടപ്പാക്കി"- സിദ്ധരാമയ്യ പറഞ്ഞു.

38,000 കോടി രൂപ ബജറ്റിൽ കർണാടകയിൽ അഞ്ച് വാഗ്ദാനങ്ങളിൽ നാലെണ്ണം നടപ്പാക്കിയെന്നും അഞ്ചാമത്തെ ഗ്യാരണ്ടി നടപ്പാക്കുമെന്നും തെളിവുകൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അന്ന ഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിസഹകരണത്തെത്തുടർന്ന് സർക്കാർ അഞ്ച് കിലോ അരിക്ക് തുല്യമായ തുക കൈമാറുന്നുണ്ടെന്നും സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂണിൽ തന്നെ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദിൽ കർണാടക കർഷകർ പ്രതിഷേധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവർ കർണാടക കർഷകരല്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. കർണാടക കർഷകരാണെങ്കിൽ ഹൈദരാബാദിലല്ല കർണാടകയിലാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഉറപ്പുകളും നടപ്പാക്കുന്നത് സംസ്ഥാനങ്ങളെ പാപ്പരാക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നുവെന്നും എന്നാൽ കർണാടക സാമ്പത്തികമായി ഭദ്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ തെലങ്കാനയിലും നൽകിയ ആറ് ഉറപ്പുകളും ഒരു സംശയവുമില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Visit Karnataka to verify guarantees’ implementation, Siddaramaiah asks KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.