ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ രാജീവ് ഗാന്ധി ദീർഘവീക്ഷണമുള്ള ആളായിരുന്നെന്ന് രാഹുൽ

ന്യൂഡൽഹി: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന കാര്യത്തിൽ തന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ദീർഘവീക്ഷണമുള്ള ആളായിരുന്നെന്നും അദ്ദേഹത്തിന്‍റെ നയങ്ങൾ അതിന് സഹാകരമായിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

"ഞങ്ങളുടെ പിതാവ് കരുണയും ദയയും ഉള്ള മനുഷ്യനായിരുന്നു. ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം എനിക്കും പ്രിയങ്കക്കും അദ്ദേഹം പഠിപ്പിച്ചു തന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം വേദനിപ്പിക്കുന്നു, ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓർക്കുന്നു." -രാഹുൽ ഗാന്ധി പറഞ്ഞു.

മെയ് 23ന് ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി 'ഇന്ത്യ അറ്റ് 75' എന്ന വിഷയത്തിൽ സംസാരിക്കും. അതേസമയം ഡൽഹിയിലെ വീർഭൂമിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിൻ പൈലറ്റും വീർഭൂമിയിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.

1984ൽ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാജീവ് ഗാന്ധി കോൺഗ്രസിന്റെ ചുമതലയേറ്റത്. 40-ാം വയസ്സിൽ അധികാരമേറ്റപ്പോൾ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1989 ഡിസംബർ 2 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

1944 ഓഗസ്റ്റ് 20 ന് ജനിച്ച രാജീവ് ഗാന്ധി 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽ.ടി.ടി.ഇ) ചാവേറാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Visionary leader whose policies helped shape modern India: Rahul Gandhi on father Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.