‘ലീഡ് ഹെർ ഷിപ്പ്’ ദേശീയ വനിതാ എൻ.ജി.ഒ കോൺക്ലേവ് ഉൽഘാടനം ചെയ്ത ശാസ്ത്രി ഇൻഡോ - കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഡ്യ ഡയറക്ടർ ഡോ. പ്രാചി കൗളിന് ജാമിഅ ഹംദർദ് വൈസ് ചാൻസലർ അഫ്ഷാർ ആലം ഉപഹാരം സമർപ്പിക്കുന്നു. ‘ട്വീറ്റ്’ ചെയർപേഴ്സൺ എ. റഹ്മതുന്നീസ സമീപം
ന്യൂഡൽഹി: വിഷൻ 2026ന്റെ ഭാഗമായുള്ള ‘ദ വിമൻ എഡ്യുകേഷൻ ആൻഡ് എംപവർമെൻറ് ട്രസ്റ്റ് (ട്വീറ്റ്) ജാമിഅ ഹംദർദുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ വനിതാ എൻ.ജി.ഒ കോൺക്ലേവിന് ന്യുഡൽഹി ജാമിഅ ഹംദർദിൽ ഉജ്വല തുടക്കം. വനിതാ ശാക്തീകരണ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പ്രതിനിധികളായെത്തിയ ‘ലീഡ് ഹെർ ഷിപ്പ്’ വനിതാ എൻ.ജി.ഒ കോൺക്ലേവ് ശാസ്ത്രി ഇൻഡോ - കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഡ്യ ഡയരക്ടർ ഡോ. പ്രാചി കൗൾ ഉൽഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി നിരവധി വിദഗ്ധർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്ന് സമാപിക്കും.
സ്ത്രീകൾ പരസ്പരം പ്രോൽസാഹിപ്പിക്കണമെന്നും പരസ്പര പ്രോൽസാഹനം നൽകാവുന്ന മനസ് പൊതുവെ സ്ത്രീകൾക്കില്ലെന്നും ഡോ. പ്രാചി കൗൾ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പുരുഷന്മാർ സ്ത്രീകളെ പോലെയല്ല. പിതാവിനും ഭർത്താവിനും മകനുമിടയിൽ മകളും ഭാര്യയും അമ്മയുമായി സ്ത്രീയുടെ ശാക്തീകരണം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടതെന്നും കൗൾ പറഞ്ഞു.
വളണ്ടറിസത്തെ കേവലം എൻ.ജി.ഒ ആയി കാണരുതെന്ന് ഡോ. ഇന്ദു പ്രകാശ് ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അഞ്ചാം തൂണാണ് സന്നദ്ധ പ്രവർത്തകർ. സർക്കാർ പരാജയപ്പെടുന്നിടത്താണ് സന്നദ്ധ പ്രവർത്തകർ ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്. ഡൽഹി ഹൈകോടതിയിൽ സന്നദ്ധ സംഘനകൾക്കെതിരെ സർക്കാർ നിലപാടെടുത്തപ്പോൾ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിനോട് സന്നദ്ധ പ്രവർത്തനത്തിന് സർക്കാറിന്റെ കടല മണികൾ വേണ്ട എന്ന് പറഞ്ഞ സംഭവം ഇന്ദുപ്രകാശ് ഓർമിപ്പിച്ചു.
ജാമിഅ ഹംദർദ് വൈസ് ചാൻസലർ അഫ്ഷാർ ആലം അധ്യക്ഷത വഹിച്ചു. ട്വീറ്റ് ചെയർപേഴ്സൺ ചെയർ പേഴ്സൺ എ. റഹ്മതുന്നീസ ആമുഖ പ്രസംഗം നിർവഹിച്ചു. ജാമിഅ ഹംദർദ് സി.ടി.ഡി ഡയരക്ടർ പ്രഫസർ സയീദുന്നീസ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.