മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ; 48 മണിക്കൂറിനിടെ യു.പിയിൽ മാത്രം 56 മരണം

ലഖ്‌നൗ: രൂക്ഷമായ മഴക്കെടുതിയിൽ ഉലഞ്ഞ് ഉത്തരേന്ത്യ. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.പിയിൽ മാത്രം കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 56 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 60ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ജില്ലകളിലായി 2,254 വീടുകള്‍ തകരുകയും 17,000ത്തില്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

ഒഡീഷയില്‍ വെള്ളപ്പൊക്കം മൂലം ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഛത്തീസ്ഗഡിൽ മഴയിൽ ദേശീയ പാതകളും ബസ്തര്‍ മേഖലയിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒറ്റപ്പെടയിടങ്ങളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേരെ വ്യോമസേന കഴിഞ്ഞ ദിവസം എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.

വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ജനം ജാഗരൂകരാകണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചലിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും തലസ്ഥാനമായ ഡൽഹിയിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡെറാഡൂൺ, തെഹ്രി, ഹരിദ്വാർ, പൗരി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യപ്രദേശിനും ഛത്തീസ്ഗഢിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് വടക്കേ ഇന്ത്യയിൽ മഴ കനത്തത്. ഉത്തർപ്രദേശിന് മുകളിലൂടെ നീങ്ങുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വീണ്ടും മുന്നോട്ട് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദേശം. അതേസമയം, ജാർഖണ്ഡിൽ ഓറഞ്ച് അലർട്ടുമാണ് മുന്നറിയിപ്പ്. മധ്യ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒഡീഷ്യ, തെലങ്കാന, കർണാടക, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Heavy Rains Lash North India; Death Toll Reaches 56 in Uttar Pradesh in 48 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.